nalumanikkattu

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ 26 ലക്ഷത്തിന്റെ പദ്ധതി

മാരാമൺ : പോക്കുവെയിലിൽ നാല് മണിക്കാറ്റേറ്റ് സായാഹ്ന വേളകൾ ഉല്ലാസഭരിതമാക്കുവാനൊരിടം ചിറയിറമ്പിൽ ഒരുങ്ങുന്നു. സൊറ പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചും സൗഹൃദം പുതുക്കിയും വായനയുമൊക്കെയായി ഇനി ഇവിടെ ചെലവഴിക്കാനാകും. ചെട്ടിമുക്ക് ചിറയിറമ്പ് റോഡിൽ നെൽപാടങ്ങളുടെ നടുവിലുള്ള പാലത്തിന് സമീപത്തെ പ്രശാന്ത സുന്ദരമായ പ്രദേശമാണ് ജില്ലാ പഞ്ചായത്ത് ഇതിനുള്ള വേദിയാക്കുന്നത്. 26 ലക്ഷത്തിന്റെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടമായി 16 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുക. പാലത്തിന്റെ വശങ്ങളിൽ കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തി കെട്ടി കൈവരികൾ സ്ഥാപിച്ച് നടപ്പാതയിൽ ടൈലുകൾ പാകി വൃത്തിയാക്കുന്ന ജോലികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആളുകൾക്ക് വന്നിരിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി സിമന്റ് ബഞ്ചുകൾ സ്ഥാപിക്കും. രണ്ടാം ഘട്ടമായി തണൽ മരങ്ങൾ വച്ച് പിടിപ്പിക്കും. ഇതിന് 10 ലക്ഷം രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്.

നെടുമ്പ്രയാർ പുഞ്ചയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ പ്രദേശം പൂമ്പാറ്റകളുടെയും തുമ്പികളുടെയും പക്ഷികളുടെയുമൊക്കെ വിഹാര കേന്ദ്രം കൂടിയാണ്. കാറ്റിന്റെ കുളിരിൽ ഇവയുടെ ചലനങ്ങൾ ആസ്വദിച്ച് മാനസികോല്ലാസം നേടുവാൻ അവസരമൊരുങ്ങുന്നു. എന്നതാണ് പദ്ധതി ശ്രദ്ധേയമാക്കുന്നത്.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നിർവ്വഹിച്ചു. വാർഡംഗം ലതാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ നായർ, ചിറയിറമ്പ് റഡിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.എം.മാത്യു, സെക്രട്ടറി സി.എം.മാത്യു ,അലക്സ് തൈക്കൂട്ടത്തിൽ ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി.തോമസ്, ജിബു, ശ്യാംമോൻ, തോമസ് ജോർജ്ജ് മാവേലിൽ എന്നിവർ പ്രസംഗിച്ചു.

16 ലക്ഷത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പണികൾ ഉടൻ പൂർത്തിയാക്കും.
ജോർജ്ജ് മാമ്മൻ കൊണ്ടൂർ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്