മാന്നാർ: പ്രാർത്ഥനാ മുഖരിതതമായ അന്തരീക്ഷത്തിൽ പരുമല പെരുന്നാളിന് കൊടിയേറി. പമ്പാ നദിക്കരയിലും പള്ളിമുറ്റത്ത് പടിഞ്ഞാറും കിഴക്കുമായുള്ളതുയായ മൂന്ന് കൊടിമരങ്ങളിലും കാതോലിക്കാ ബാവയും വിവിധ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തമാരും ചേർന്ന് കൊടിയേറ്റി. പമ്പാ നദിക്കരയിലെ കുരിശ്ശടിക്ക് ചേർന്നുള്ള കൊടിമരത്തിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കൊടിയേറ്റി. പള്ളിക്ക് പടിഞ്ഞാറുള്ള കൊടിമരത്തിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തായും കിഴക്ക് വശത്തുള്ള കൊടിമരത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസും കൊടിയേറ്റി.കൊടി ഉയർന്നപ്പോൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി വിശ്വാസികൾ ആകാശത്തേക്ക് വെറ്റില പറത്തി. ഇന്നലെ രാവിലെ 10ന് ഇടവകയിലെ മൂന്ന് കുടുംബങ്ങളിൽ നിന്ന് ആഘോഷപൂർവ്വം കൊണ്ടുവന്ന മൂന്ന് കൊടികൾ റാസയായി പരുമല കബറിങ്കലിൽ എത്തിച്ചു.തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് കബറിങ്കലിലും പള്ളിയിലും പ്രാർത്ഥകൾ നടത്തി. തുടർന്ന് പള്ളിയിൽ നിന്ന് മുത്തുക്കുടകളും കത്തിച്ച തിരികകളും ഏന്തി വിശ്വാസികൾ റാസയായി എത്തിയാണ് നദിക്കരയിലുള്ള പ്രധാന കൊടിമരത്തിലും തുടർന്ന് പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയർത്തിയത്.
ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കം
മാന്നാർ:അഞ്ച് ദിനങ്ങളിലായി നടക്കുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് നാലിന് പരുമല തിരുമേനിയുടെ ആദ്യകാല വസതിയിൽ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കും.ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്റർ ആയിരിക്കും.ഗുരുരത്നം ഫാ.ഡോ.ജോഷ്വാ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.
പരുമലയിൽ ഇന്ന്
അഞ്ചിന് രാത്രി നമസ്‌കാരം,പ്രഭാത നമസ്‌ക്കാരം (പള്ളിയിൽ)7.30-ന് മൂന്നിൻമേൽ കുർബ്ബാന (പള്ളിയിൽ) 9.15-ന് പ്രേഷിത റാലി (പന്നായിക്കടവിൽ നിന്ന്),10ന് അഖില മലങ്കര ബാലസമാജം നേതൃസമ്മേളനം,12ന് ഉച്ച നമസ്‌കാരം,2.30ന് കുടുംബ ബോധന സെമിനാർ,വൈകിട്ട് നാലിന് ഗ്രിഗോറിയൻ പ്രഭാഷണ പരമ്പര (ആദ്യകാല വസതിയിൽ), ആറിന് സന്ധ്യാ നമസ്‌കാരം, 6.45-ന് ഗാനശുശ്രൂക്ഷ, ഏഴിന് പ്രസംഗം, എട്ടിന് കബറിങ്കലിൽ ധൂപ പ്രാർത്ഥന,ആശിർവാദം,ഒമ്പതിന് ശയന നമസ്‌കാരം.