തിരുവല്ല: കടപ്ര, നിരണം പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോലറയാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ആലാത്ത് കടവിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ്. കോലറയാർ രണ്ടാംഘട്ട പുനരുജ്ജീവന പദ്ധതിയിലെ സർക്കാർതല പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം.എൽ.എ ആസ്തിവികസനഫണ്ടിൽ നിന്നും പുതിയ പാലത്തിന്റെ നിർമാണത്തിനായി 51 ലക്ഷം രൂപ മന്ത്രി അനുവദിച്ചു. ജലസേചനവകുപ്പാണ് നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. നിർമാണ പ്രവർത്തനങ്ങൾ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഈ കാലയളവിൽ തന്നെ ആലാത്ത്കടവ് പാലത്തിന്റെ നിർമാണവും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. നദിയുടെ വശങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് മനോഹരമായ ഭൂപ്രദേശമായി കോലറയാറിനെ മാറ്റണം. സംസ്ഥാന, ദേശീയ തലത്തിൽ ഒരുപോലെ ശ്രദ്ധ നേടിയ പ്രവർത്തനമായിരുന്നു ജനകീയ പങ്കാളിത്തത്തോടു കൂടിയ കോലറയാറിന്റെ ഒന്നാംഘട്ട പുനരുജ്ജീവനമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി നാല് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കോലറയാറിന്റെ പുനരുജ്ജീവനത്തിനായി ജനകീയ കൂട്ടായ്മ സ്വരൂപിച്ച 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് അഞ്ച് മാസം കൊണ്ട് ഒന്നാം ഘട്ടം 2017 സെപ്റ്റംബർ രണ്ടിനാണ് പൂർത്തിയാക്കിയത്. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോലറയാർ പുനരുജ്ജീവന ആദ്യഘട്ട പ്രവർത്തനങ്ങളിലെ സജീവസാന്നിദ്ധ്യമായ വ്യക്തികളെ മന്ത്രി ആദരിച്ചു.

കോലറയാർ രണ്ടാംഘട്ട പുനരുജ്ജീവന പദ്ധതിയിലെ സർക്കാർതല പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കുന്നു