പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിനെതിരെ നിലയ്ക്കലിൽ നാമജപത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 210 പേരുടെ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടുതൽ പേരും മുങ്ങി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി 18 പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇന്നലെ മൂന്നു പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. പലരും വീടുകളിൽ നിന്ന് മുങ്ങുകയും ഫോൺ സ്വിച്ച് ഒാഫ് ചെയ്തതായുമായണ് പൊലീസിനു ലഭിച്ച വിവരം.നിലയ്ക്കലിൽ സംഘർഷമുണ്ടായ 17ന് പൊലീസിന്റെ വീഡിയോഗ്രാഫർമാർ ദൃശ്യങ്ങൾ പകർത്താനുണ്ടായിരുന്നു. ഇതിനൊപ്പം ചാനൽ സംഘങ്ങളെ ആക്രമിച്ചവരുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. എല്ലാ ജില്ലാ പൊലീസ് ചീഫുമാർക്കും ദൃശ്യങ്ങൾ അയച്ചുകൊടുത്തതിനെ തുടർന്നാണ് 21പേരെ പിടികൂടാൻ കഴിഞ്ഞത്.
ഇതിനിടെ, കുറ്റക്കാരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംഘർഷത്തിലേർപ്പെട്ടവരുടെ പശ്ചാത്തലം കൂടി പൊലീസ് അന്വേഷിക്കും. നിലയ്ക്കലിൽ കുടുംബസമേതം നാമജപത്തിൽ പങ്കെടുത്തവരെയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇവർ മുൻപ് അക്രമക്കേസുകളിൽ ഉൾപ്പെട്ടവരല്ലാത്തതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഇന്നലെ അറസ്റ്റിലായ തിരുവനന്തപുരം വെളളനാട് കൊല്ലംകോട് അരുണിഭവനിൽ അർജുൻ (21), പത്തനംതിട്ട സീതത്തോട് മല്ലശേരിയിൽ അഭിലാഷ് (22),തണ്ണിത്തോട് ദീപാഭവനിൽ അനീഷ് (29) എന്നിവരെ റാന്നി കോടതി റിമാൻഡ് ചെയ്തു.ശബരിമല സംഘർഷത്തെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഇന്നലെ നാല് പേരേക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 157ആയി. പ്രതികളെ കൊട്ടാരക്കര സബ്ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലും റിമാൻഡ് ചെയ്തു.