കടമ്പനാട്: കൊല്ലം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മണ്ണടി ചെട്ടിയാരഴികത്ത് കടവിൽ പാലത്തിന് കിഫ്ബി ഡയറക്ടർ ബോർഡിന്റെ അനുമതി. നിർമാണത്തിന് 10.12 കോടിരൂപയുടെ അംഗീകാരവും ലഭിച്ചു. സംസ്ഥാന ബഡ്ജറ്റിൽ 20 കോടി രൂപ ഇവിടെ പാലം പണിക്ക് അനുവദിച്ചിരുന്നു. സി പി എം അടൂർ ഏരിയാ കമ്മിറ്റി ഇവിടെ പാലം നിർമിക്കണമെന്നാവിശ്യപെട്ട് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. കൊട്ടാരക്കര എം.എൽ.എ അയിഷാപോറ്റി, ചിറ്റയം ഗോപകുമാർ എം.എൽ.എയും ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകിയിരുന്നു. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാരഴികത്ത് കടവിൽ കല്ലടയാറിനു കുറുകെ പാലംനിർമിക്കണമെന്നത്. നാലു പതിറ്റാണ്ടായി നിലനിൽക്കുന്ന ജനങ്ങളുടെ ആവിശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്.

വിദ്യാർത്ഥികൾ ഇപ്പോൾ ആശ്രയിക്കുന്നത് കടത്തിനെ

വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഇപ്പോൾ ഇവിടെ കടത്തിനെയാണ് ആശ്രയിക്കുന്നത്. പാലത്തിന് അപ്രോച്ച് റോഡു നിർമിക്കാൻ കുളക്കട ഗ്രാമപഞ്ചായത്തിൽ സ്ഥലം ഏറ്റെടുത്തിരുന്നു. തിരുവനന്തപുരത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് പുത്തൂർ, കുളക്കട, മണ്ണടിവഴി അടൂരിലേക്കും തിരിച്ചും എളുപ്പത്തിൽ എത്താൻ കഴിയുന്ന മാർഗമാണ് പാലം നിലവിൽ വന്നാൽ ഉണ്ടാകുക.

ആറിന്റെ അടിത്തട്ട് അഗാധ ഗർത്തത്തിൽ

ചെട്ടിയാരഴികത്ത് കടവിലെ വ്യാപക മണൽ വാരൽ മൂലം ആറിന്റെ അടിത്തട്ട് അഗാധമായ ഗർത്തത്തിലാണ്. മഴ ശക്തി പ്രാപിച്ചാൽ കടത്ത് നടത്താൻ കഴിയില്ല. പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാലം യാഥാർഥ്യമാകുന്നതോടെ മണ്ണടി പ്രദേശത്തുള്ളവർക്ക് താഴത്തു കുളക്കട ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പ മാർഗമായി മാറും. മണ്ണടിഭാഗത്ത് 280 മീറ്റർ നീളത്തിലും താഴത്തു കുളക്കട ഭാഗത്ത് 720 മീറ്റർ നീളത്തിലും അനുബന്ധ റോഡുകൾ നിർമ്മിക്കും.

നിർമ്മാണച്ചുമതല

കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല സാമ്പത്തിക അംഗീകാരം ലഭിച്ചതോടെ ടെൻഡർ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.

നിർമാണത്തിന് 10.12 കോടി

മണ്ണടി ചെട്ടിയാരേത്ത് കടവ്‌