sreedevi

പത്തനംതിട്ട: ലോൺ തുക കുറവ് ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതിന് ഇലന്തൂർ കാരംവേലി നെല്ലിക്കാല ശ്രീഭവനിൽ ശ്രീദേവി (25)യെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലിക്കാരിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വ്യവസായ കേന്ദ്രത്തിൽ നിന്ന് എ‌ടുത്ത ലോൺ തുക കുറവ് ചെയ്ത് തരാമെന്ന് പറഞ്ഞ് വള്ളിക്കോട് വാഴമുട്ടം ഐക്കര വീട്ടിൽ രവീന്ദ്രൻ നായരുടെ ( 56) പക്കൽ നിന്ന് 94,000 രൂപ കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. രവീന്ദ്രനെ ശ്രീദേവിക്ക് പരിചയപ്പെടുത്തിയയാളെ പൊലീസ് തെരയുന്നു.

രവീന്ദ്രൻ നായർക്ക് ലോൺ എടുത്ത വകയിൽ 1.25 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നു. ഇതു കുറവ് ചെയ്തുകൊടുക്കാമെന്ന് പറഞ്ഞതിനെ തുടർന്ന് പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വച്ചാണ് ശ്രീദേവി തുക കൈപ്പറ്റിയത്. ആദ്യം 90000 രൂപയാണ് കൈപ്പറ്റിയത്. പിന്നീട് രേഖകൾ ശരിയാക്കാനായി നാലായിരം രൂപ കൂടി വാങ്ങി. എന്നിട്ടും ലോൺ തുക കുറവ് ചെയ്തു കിട്ടാത്തതിനെ തുടർന്ന് രവീന്ദ്രൻനായർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരു ലോൺ ശരിയാക്കുന്നതിന് എന്ന വ്യാജേന ശ്രീദേവിയെ പരാതിക്കാരനെക്കൊണ്ട് വിളിപ്പിക്കുകയായിരുന്നു. പത്തനംതിട്ട സി.എെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പത്തംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പതിന്നാല് ദിവസത്തേക്കു റിമാൻഡ് ചെയ്തു.