thanks-emma-road

ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്ന് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കുടുത്ത ജംഗ്ഷനിൽ അവസാനിക്കുന്ന പാത കാൽനട യാത്ര പോലും അസാദ്ധ്യമായ രീതിയിൽ കുഴിയായി. ടിപ്പർ ലോറികളുടെ അമിതവേഗതയിലുള്ള സഞ്ചാരമാണ് റോഡിന്റെ നാശത്തിന് കാരണം. മിക്ക ഭാഗങ്ങളും ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. മാവിള ഭാഗത്താണ് ഏറെ ദുഷ്കരം. രണ്ട് വർഷം മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയ റോഡാണിത്. എന്നാൽ നിർമാണത്തിലെ അപാകത അന്നേ ആക്ഷേപത്തിന് കാരണമായിരുന്നു. തകർന്ന റോഡിലൂടെ ക്രഷറർ ഉല്പന്നങ്ങളുമായുള്ള ടിപ്പർലോറികളുടെ പരക്കംപാച്ചിൽ കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്. മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. അപകടങ്ങൾ പതിവായതോടെ മാസങ്ങൾക്ക് മുൻപ് പ്രദേശവാസികൾ സംഘടിച്ച് വാഹനങ്ങൾ തടഞ്ഞു, വലിയ വാഹനങ്ങൾ കടന്ന് പോകരുതെന്ന് ബോർഡും സ്ഥാപിച്ചു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാൽ നാട്ടുകാർ അടൂർ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഒരു മാസത്തിനകം പാത സഞ്ചാരയോഗ്യമാക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ അന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.എന്നാൽ ഒരു നടപടിയുമുണ്ടായില്ല. പ്രതിഷേധം ശക്തമാക്കി രണ്ടാംഘട്ട സമരത്തിന് തയ്യാറാകുകയാണ് പ്രദേശവാസികൾ.

നിരവധി തവണ അധികൃതർക്ക് പരാതി നൽകി, പ്രതിഷേധിച്ചു, ഒരു നടപടിയുമുണ്ടായിട്ടില്ല.

അനന്തു, പ്രദേശവാസി

മാവിള റോഡ്

നീളം 4.5 കി.മീറ്റർ

റോഡ് നിറയെ കുഴികൾ

മഴ പെയ്താൽ ചെളിക്കുളം

അപകടം പതിവാകുന്നു