പത്തനംതിട്ട : മുൻപ് അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമേ കടലാസിന്റെ വില കമ്പനികൾ കൂട്ടുമായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങൾക്കൊണ്ട് 25 ശതമാനം വരെ വില വർദ്ധിച്ചത് അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 60 രൂപ ആയിരുന്ന കടലാസിന്റെ ഇപ്പോഴത്തെ വില 75 രൂപയായി. ദീ‌ർഘകാല കരാർ എടുത്തിരിക്കുന്ന അച്ചടി സ്ഥാപനങ്ങൾക്ക് ഇത് കനത്ത വെല്ലുവിളിയാണ്. നഷ്ടം സഹിച്ചാണ് ഭൂരിഭാഗം സ്ഥാപനങ്ങളും പ്രവർത്തിയ്ക്കുന്നത്.

രണ്ട് വർഷമായി അച്ചടി നിരക്ക് വർദ്ധിച്ചിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവാണ് അച്ചടിശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നീ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് എറ്റവും ഉയർന്ന വില. അത് കൊണ്ട് തന്നെ ഭൂരിഭാഗം അച്ചടി ജോലികളും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. നിരവധിപേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് പിടിച്ചു നിൽക്കാനാവാതെ അടച്ചു പൂട്ടുന്നത്.

പ്രളയം കാരണം പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോഴാണ് കടലാസ് വില കുത്തനെ കൂട്ടിയത്. പ്രളയത്തിൽ സംസ്ഥാനത്ത് 400 കോടിയോളം നഷ്ടം അച്ചടിവ്യവസായത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

" കടലാസിന്റെ വില ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. വിലവർദ്ധനവും ക്ഷാമവും നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആഹ്വാനം ചെയ്യേണ്ടി വരും. ജില്ലയിൽ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 80 പ്രസുകൾ ഉണ്ട്. അതിൽ 20 എണ്ണത്തിന് പ്രളയത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. "

കേരള പ്രിന്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

പ്രളയത്തിൽ ജില്ലയിലെ 20 പ്രസുകൾ പൂർണമായും 8 പ്രസുകൾ ഭാഗികമായും നശിച്ചു. റാന്നിയിലും പന്തളത്തുമാണ് കൂടുതൽ നഷ്ടം ഉണ്ടായത്.

 ആകെ 120 പ്രസുകൾ ആണ് ജില്ലയിൽ, സംസ്ഥാനത്ത് 3000.