arattuchira

പള്ളിക്കലിന് വികസന പ്രതീക്ഷയേകിയിരുന്ന മേഖലയാണ് ടൂറിസം. ആറാട്ട് ചിറ പദ്ധതി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. പ്രാദേശികവികസനം, പഞ്ചായത്തിന് വരുമാനം എന്നിവ പദ്ധതിയിലൂടെ സാദ്ധ്യമാകുമെങ്കിലും ഇന്നും അവഗണനയുടെ പുറമ്പോക്ക് ഭൂമിയാണിവിടം. പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ആലപ്പുഴ ജില്ലയോട് അതിർത്തി പങ്കിടുന്ന ആറാട്ടുചിറ പത്തേക്കറോളം വിശാലമാണ്. പള്ളിക്കൽ ശ്രീകണ്ഠാള സ്വാമിക്ഷേത്രത്തിലെ ആറാട്ട് ഇവിടെ നടന്നുവരുന്നു.

നീന്തൽ പരിശീലനകേന്ദ്രം, പൂന്തോട്ടം, നടപ്പാത, ബോട്ടിംഗ് എന്നിവയ്ക്ക് പലതവണ പദ്ധതി തയാറാക്കിയിട്ടുമുണ്ട്. എന്നിട്ടും ടൂറിസം വകുപ്പിന്റെ രേഖകളിൽ ആറാട്ടുചിറയ്ക്ക് ഇടംകിട്ടിയില്ല. പ്രകൃതിഭംഗിയും ഗ്രാമാന്തരീക്ഷം നിലനിർത്തുന്നകാവുകളും ചിറയുടെ പ്രത്യേകതയാണ്.

ആരവം ഉയരാതെ കളിക്കളം

കായികമേഖലയിൽ മികവ് പുലർത്തുന്നവർ പഞ്ചായത്തിലുണ്ട്. കേരളായൂണിവേഴ്‌സിറ്റി മേളയിൽ ​10000, 5000​ മീറ്റർ റെക്കാഡോടെ സ്വർണം നേടിയ തെങ്ങമം സ്വദേശി നീതു. സംസ്ഥാന കായികമേളയിൽ ജാവലിൻത്രോയിൽ സ്വർണം നേടിയ പെരിങ്ങനാട് സ്വദേശി അനില, മാസ്റ്റേഴ്‌സ് മീറ്റിൽ നിരവധി സ്വർണവും വെങ്കലവും നേടിയ ചന്ദ്രിക എന്നിവർ പഞ്ചായത്തിന്റെ കരുത്താണ്. പരിശീലനത്തിന് സൗകര്യമില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ ഈ രംഗത്തെ ശാപമാകുന്നു. ഫുട്ബോളിലും ക്രിക്കറ്റിലും ഹോക്കിയിലും മികവ് പുലർത്തുന്ന ധാരാളം ചെറുപ്പക്കാരുണ്ടെങ്കിലും അവഗണന പ്രതിബന്ധമാണ്.
ആകെയുള്ള പഞ്ചായത്ത് സ്റ്റേഡിയം ശോചനീയതയുടെ സ്മാരകമാകുന്നു. 15ാം വാർഡിൽ ചാല ഭാഗത്തുള്ള സ്റ്റേഡിയത്തിലെ ഓപ്പൺ എയർ ആഡിറ്റോറിയം ചോർന്നൊലിക്കുകയാണ്. പത്ത് വർഷം കൊണ്ട് പൂർത്തീകരിച്ച ബാഡ്മിന്റൺകോർട്ടിൽ ഇനി കളിയാരവങ്ങൾ ഉയർന്നിട്ടില്ല. കോർട്ട് തുറന്ന് നൽകാത്തതിന് പ്രത്യേക കാരണമൊന്നും അധികൃതർക്ക് ഇല്ല. ചുറ്റുമതിലില്ലാത്തതിനാൽ ഡ്രൈവിംഗ് പരിശീലനത്തിനുള്ള ഇടമായിമാറി ഇവിടം.

അവഗണനയുടെ കല

കലകളുടെയും കലാകാരൻമാരുടെയും നാടുകൂടിയാണ് പള്ളിക്കൽ. ഈ.വി. കൃഷ്ണപിള്ള, അടൂർ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, അടൂർ പങ്കജം,അടൂർ ഭവാനി, ആർ.സുകുമാരൻ തുടങ്ങി ഒട്ടനവധി കലാകാരൻമാർക്ക് ജന്മം നൽകിയ നാട്. അടൂർ ഭാസിയുടെ ജന്മഗൃഹത്തോട് ചേർന്ന് അദ്ദേഹത്തിന്റെ ഓർമ നിലനിർത്താൻ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സ്മാരകം നിർമിച്ചു. അടൂർ ഭാസി സ്മാരക ട്രസ്റ്റാണ് ഭരണം. അടൂർ ഗോപാലകൃഷ്ണന്റെ അമ്മാവനും പ്രമുഖ ചിത്രകാരനുമായിരുന്ന മേടയിൽ രാമനുണ്ണിത്താന്റെ സ്മരണയ്ക്കായി ലളിത കലാപഠനകേന്ദ്രം പ്രവർത്തിക്കുന്നുവെങ്കിലും ഫണ്ടുകളുടെ അപര്യാപ്തത മൂലം ലക്ഷ്യം കൈവരിക്കുവാൻ സാധിച്ചിട്ടില്ല.