പള്ളിക്കൽ പോണെ പകലെ പോണോ......?'
പള്ളിക്കൽ പോണെ പകലെ പോണം
പകലെ പോയാൽ മാത്രം പോരാ...
പടിഞ്ഞാറോട്ട് നടന്നേ പോണം...
നടന്നേ പോയാൽ മാത്രം പോരാ
നാലെളെപ്പൊഴുംകൂട്ടിന് വേണം..
കൂട്ടിന് കൂട്ടിയാൽ മാത്രം പോരാ...
കൂട്ടത്തിലൊന്ന് പിഴച്ചവൻ വേണം
പിഴച്ചോനിത്തിരികള്ള് കുടിക്കണം
അത് മേക്കുന്നീന്ന് കുടിക്ക്യേം വേണം
ഉരിയാടാതങ്ങ് നടന്നാൽ പോരാ..
ഉരിയരിം കൊച്ചു കലോം കയ്യിലിരിക്കണം..
പാറ്റാണിക്കലെ മീനും വാങ്ങണം
പള്ളിക്കലമ്മോ ഉന്തോ ള്ളോ...
ഒന്നൂടുന്തുമ്പം പള്ളിക്കലെത്തി....
പള്ളിക്കൽ പ്രദേശത്തിന്റെ വികസനപരമായ പിന്നാക്കാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന നാടൻ പാട്ടാണിത്. ഒരു കാലഘട്ടത്തിലെ ഇവിടുത്തെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നിഴലാട്ടങ്ങൾ ഈ വരികളിൽ മിന്നി മറയുന്നുണ്ട്. കാലം മാറിയപ്പോൾ പള്ളിക്കലും മാറി. മലയാളസാഹിത്യ സാംസ്‌കാരിക രംഗത്ത് പല പ്രഗത്ഭർക്കും ഈ നാട് ജന്മം നൽകി. ബുദ്ധമത സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെയുണ്ട്. ജനകീയാസൂത്രണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയുമെല്ലാം കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പള്ളിക്കലിന് അത്ര പകിട്ടൊന്നുമില്ല. വികസനകാര്യത്തിൽ പിന്നാക്കാവസ്ഥ തുടരുന്നു. ഇൗ നാടിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുകയാണിവിടെ....
കാർഷികമേഖലയാണ് പള്ളിക്കലിന്റെ സാമ്പത്തിക അടിത്തറ. എന്നാൽ കഴിഞ്ഞ കാലങ്ങൾ പരിശോധിച്ചാൽ കാർഷികമേഖലയുടെ ഗ്രാഫ് താഴേക്കാണ്. 1997 ലെ വികസനരേഖയിൽ 540 ഹെക്ടറിൽ നെൽക്കൃഷി എന്ന് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം 50 ഹെക്ടറും ഈ വർഷം 30ഹെക്ടറുമായി. ജനകീയാസൂത്രണ കാലത്ത് കാർഷികമേഖലയിലേക്ക് ഒഴുകിയത് കോടികളാണ്. പക്ഷേ പദ്ധതികൾ ഫലപ്രദമായില്ല. പദ്ധതികൾ വിത്ത് വിതരണം,വളം വിതരണം എന്നിവയിൽ ഒതുങ്ങി. നെൽകൃഷി മാത്രമല്ല പച്ചക്കറി, വാഴ, മരച്ചീനി,വെറ്റിലകൊടി തുടങ്ങി എല്ലാകൃഷികളും വളരെ കുറഞ്ഞിട്ടുണ്ട്. ഫലപ്രദമായ പദ്ധതികൾ നടപ്പാക്കിയാൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. അതിനുദാഹരണമാണ് ഒരുവർഷം മുൻപ് നെൽകൃഷിക്ക് വിത്ത്, വളം സബ്‌സിഡികൾ നൽകിയത്. കൂടാതെ കൊയ്ത്, മെതി എന്നിവ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി. കർഷകരിൽ നിന്ന് മികച്ചപ്രതികരണമുണ്ടായി. പഞ്ചായത്ത് രണ്ട് ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകൾക്ക് ചെറിയ തരത്തിലുള്ള മിൽ നൽകി. പ്രത്യേകം ലേബൽ ഉണ്ടായില്ലങ്കിലും തെങ്ങമത്ത് നാടൻ കുത്തരി വിപണിയിലെത്തി. തൊട്ടടുത്തവർഷം തൊഴിലുറപ്പിന്റെ സഹായം പഞ്ചായത്ത് നിർത്തിയത് കൃഷിയെ ബാധിച്ചു.
കൊയ്തും മെതിയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സർക്കാർ സബ്‌സിഡികൂടി നൽകിയാൽ നെൽകൃഷി വ്യാപിക്കും.
കർഷക സംഘങ്ങൾക്ക് ജില്ലാപഞ്ചായത്തിൽ നിന്ന് നൽകിയ കാർഷിക ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. മെയിന്റൻസ് ഇല്ലാത്തതാണ് പ്രശ്നം.
കേരഗ്രാമം പദ്ധതി നടപ്പാക്കിയപ്പോൾ തെങ്ങ് കൃഷിയുള്ളവർക്ക് മാത്രം സഹായം നൽകി. പുതിയതായി തെങ്ങ് കൃഷി ചെയ്യാൻ താൽപര്യമുള്ളവരെ പരിഗണിച്ചില്ല. റബ്ബർകൃഷി വൻ നഷ്ടത്തിലായതോടെ തെങ്ങ് കൃഷി നടത്താൻ താൽപര്യമുള്ളവർ നിരവധിയാണ്.
മറ്റ് കൃഷികളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. പച്ചക്കറി വ്യാപകമായി കൃഷി ചെയ്യാൻ കഴിയുമെങ്കിലും വേനലിൽ വെള്ളംകിട്ടാത്തത് പ്രശ്നമാണ്. സമീപ പഞ്ചായത്തുകൾ തോടുകളും വലിയകുളങ്ങളും നവീകരിച്ച് ലിഫ്റ്റ് ഇറിഗേഷൻ നടപ്പാക്കിയപ്പോൾ പള്ളിക്കലിൽ ആലോചനപോലും നടന്നില്ല. തോട്ടുവാതോട്ടിലെ മാലിന്യങ്ങൾ നീക്കി നൂറ് മീറ്റർ ഇടവിട്ട് തടയണ സ്ഥാപിക്കാൻ 25ലക്ഷംരൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും ഒന്നും നടന്നില്ല.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ച് എം.എൽ.എ, എം.പി എന്നിവരുടെ ആസ്തി വികസനഫണ്ടുകൾ കാർഷികമേഖലയിൽ കൂടി ചെലവിട്ട് ഫലപ്രദമായ പദ്ധതികൾ നടപ്പാക്കിയാൽ തരിശ് പാടങ്ങളിൽ നൂറുമേനി വിളയും..