മുറിഞ്ഞകൽ: ലോകത്തുണ്ടായ എല്ലാ മാറ്റങ്ങൾക്കും അടിസ്ഥാനം ഗുരുക്കൻമാരും അവരുണ്ടാക്കിയ ആദ്ധ്യാത്മിക അടിത്തറയുമാണെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 175-ാം നമ്പർ മുറിഞ്ഞകൽ ശാഖയുടെ നവതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള കൗമുദി ബോധപൗർണമി അമ്മ അറിയാൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു സൃഷ്ടിച്ചെടുത്ത ആദ്ധ്യാത്മീക അടിത്തറയാണ് കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന് വഴിതെളിഞ്ഞത്. ശ്രീനാരായണ ഗുരുദേവൻ യൗവനകാലത്ത് മരുത്വാമലയിൽ പോയി തപസനുഷ്ഠിച്ച് ലഭിച്ച ആദ്ധ്യാത്മിക ദർശനങ്ങൾ സാമൂഹ്യമാറ്റത്തിന് പ്രേരണയായി. ലോകത്തെല്ലായിടത്തും മാറ്റങ്ങൾ ഉണ്ടാക്കിയെടുത്തത് ഗുരുക്കൻമാരാണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കും ആദ്ധ്യാത്മിക അടിത്തറയിൽ ഉറച്ച് നിന്നുകൊണ്ടേ ഉയരാൻ കഴിയുകയുള്ളു. ശ്രീനാരായണ സമൂഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടതെല്ലാം ശ്രീനാരായണ ദർശനങ്ങളിൽ ഉണ്ട്. ഈ ദർശന സമ്പത്ത് സ്വീകരിക്കാനും ഉൾക്കൊള്ളാനും ശ്രീനാരായണ സമൂഹത്തിന് വേണ്ടത്ര കഴിയാത്തതാണ് ഇപ്പോഴത്തെ ധാർമിക പ്രശ്നം. ഇത് മാറ്റിയെടുക്കാനുള്ള കർമ്മ പദ്ധതിയാണ് എസ്.എൻ.ഡി.പി യോഗവും ശിവഗിരിമഠവും ചേർന്ന് നടത്തുന്ന മണ്ഡല മഹായജ്ഞം - അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് വി.പി.സലിംകുമാർ അദ്ധ്യക്ഷനായിരുന്നു. ജൂനിയ‌ർ ചേംബർ ദേശീയ പരിശീലകൻ വിനോദ് ശ്രീധർ ക്ലാസ് നയിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹൻ, ചെയർമാൻ മനോജ് കുമാർ, യോഗം അസി.സെക്രട്ടറി എബിൻ അമ്പാടി, ഡോ. കെ.പി.വിശ്വനാഥൻ, ശാഖാ സെക്രട്ടറി കെ.അനിൽ, വൈസ് പ്രസിഡന്റ് ജി. മനോജ്, കേരളകൗമുദി സർക്കുലേഷൻ മാനേജർ സാബുരാജ് എന്നിവർ സംസാരിച്ചു. സർവൈശ്വര്യ പൂജയ്ക്ക് സ്വാമി ധർമചൈതന്യയും മധു ശാന്തിയും നേതൃത്വം നൽകി.