rahul-eswar

ശബരിമല : രാഹുൽ ഈശ്വറിന് ആചാര അനുഷ്ഠാനകാര്യങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരു ബന്ധവും പിൻതുടർച്ചാവകാശവുമില്ലെന്ന് മുതിർന്ന തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കി. രാഹുൽ ഈശ്വറിന്റേതായി വരുന്ന പ്രസ്താവനകളും സമീപനങ്ങളും തന്ത്രികുടുംബത്തിന്റെ നിലപാടാണെന്ന ധാരണ പരന്നിട്ടുണ്ട്. ആ അഭിപ്രായങ്ങളോടും നടപടികളോടും തങ്ങൾക്ക് യോജിപ്പുമില്ല. ദേവസ്വം ബോർഡുമായി നല്ലബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവർത്തിച്ചിട്ടുളളത്. തുടർന്നും അങ്ങനെതന്നെയായിരിക്കും. തന്ത്രിസമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനിൽക്കും. വിശ്വാസത്തിന്റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും പാടില്ല. വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കാനുളള ബാദ്ധ്യതയിൽ നിന്നു താഴമൺ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞു മാറില്ല.

പത്തനംതിട്ടയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുളവാക്കി.തെറ്റിദ്ധാരണമൂലമാകാം മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട്‌ സ്വീകരിച്ചതെന്ന് വിശ്വസിക്കുന്നു.സർക്കാരുമായോ ദേവസ്വം ബോർഡുമായോ ഒരുതരത്തിലുമുള്ള വിയോജിപ്പ് ഇല്ല.ഭക്തജനങ്ങളുടെ ഐശ്വര്യമാണ് തങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടേയും സ്ഥാനമായി നിലനിർത്താനാണ് ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല. അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് തന്ത്രി കണ്ഠരര് മോഹനര് വാർത്താ കറുപ്പിൽ അഭ്യർത്ഥിച്ചു.