ർ
ശബരിമല : മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിയെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് ലഭിച്ചു. വെള്ളിയാഴ്ച തപാൽ വഴിയാണ് ഭീഷണിയും അസഭ്യവും നിറഞ്ഞ കത്ത് ലഭിച്ചത്. ശബരിമല മേൽശാന്തിയുമായി ആലോചിച്ച് ഇന്നലെ രാവിലെ അനീഷ് നമ്പൂതിരി സന്നിധാനം പൊലീസിൽ പരാതി നല്കി. യുവതീ പ്രവേശന വിഷയത്തിൽ തന്ത്രിയേയും പരികർമ്മികളെയും വിശ്വാസികളെയും പിന്തുണച്ചതിനാലാണ് ഭീഷണിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു. അവർണന്റെ ആളാകുന്നത് എന്ന് മുതലാണെന്നും യഥാർത്ഥ ദൈവത്തെ കാണിച്ചു തരാമെന്നും കത്തിൽ പറയുന്നു. മരണ സമയത്ത് ദൈവത്തെ കാണിച്ച് തരാം എന്ന് ഭീഷണിയുണ്ട്. മൂന്ന് തവണ ഫോണിലും ഭീഷണി ഉണ്ടായിട്ടുണ്ട്. അതും മോശം പദപ്രയോഗങ്ങളിൽ കൂടിയായിരുന്നു. വികലമായ കൈയക്ഷരത്തിലാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തും പരാതിയും പൊലീസിന് കൈമാറി. പോസ്റ്റൽ കവറും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കേസ് അന്വേഷണം നടക്കുന്നത്.
ശബരിമല ആചാരം തുടരണമെന്ന നിലപാടാണ് അനീഷ് നമ്പൂതിരി സ്വീകരിച്ചിരുന്നത്. തുലാമാസ പൂജയ്ക്ക് രഹ്ന ഫാത്തിമയും മാദ്ധ്യമപ്രവർത്തകയും സന്നിധാനം വലിയ നടപ്പന്തൽ വരെ എത്തിയപ്പോൾ മാളികപ്പുറം മേൽശാന്തിയുടെ പരികർമ്മികൾ പതിനെട്ടാം പടിക്ക് സമീപം പ്രതിഷേധിച്ചിരുന്നു
യുവതി ദർശനം നടത്തിയാൽ നട അടച്ച് ശ്രീ കോവിലിന്റെ താക്കോൽ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഏല്പിച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി രംഗത്ത് എത്തിയിരുന്നു.