പത്തനംതിട്ട : പി.ഐ.പിയുടെ സബ് കനാൽ നാരങ്ങാനത്ത് സംരക്ഷണമില്ലാതെ കാടുമൂടി നശിക്കുന്നു. കോഴഞ്ചേരി ഈസ്റ്റ് ചക്കുങ്കൽ പടിമുതൽ നാരങ്ങാനം മഠത്തുംപടി വരെ രണ്ടേകാൽ കിലോ മീറ്റർ ദൂരം കനാലിന്റെ അറ്റകുറ്റ പണികൾ നടന്നിട്ട് വർഷങ്ങളായി. മണ്ണ് മൂടിയും കോൺക്രീറ്റുകൾ നശിച്ചും നാശത്തിന്റെ വക്കിലാണ് കനാൽ. പമ്പ ഇറിഗേഷന്റെ മണിയാർ ഡാമിൽ നിന്നുള്ള ഇടതുകര കനാലിന്റെ സബ് കനാലാണിത്. കനാലിലെ വെള്ളം പുറത്തേക്ക് ഒഴുകി സമീപത്തെ വീടുകളിലും വെള്ളം കയറുകയാണ്. അതിനാൽ വരൾച്ച സമയത്തും കനാലിന്റെ ഷട്ടറുകൾ തുറക്കാനാകുന്നില്ല.
കുറേ വർഷങ്ങളായി പി.ഐ.പി കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.വേനൽക്കാലത്ത് ഇവിടെ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
കാർഷിക മേഖലയിൽ മുൻപന്തിയിൽ
കാർഷിക മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്താണ് നാരങ്ങാനം. 60 വർഷമായി മുടങ്ങാതെ നെല്ലുള്ള പുന്നോൺ , പൊരിഞ്ഞേലിൽ കിഴവറ പാടശേഖരങ്ങളിൽ കനാലിനെ ആശ്രയിച്ചാണ് കൃഷി . വെള്ളം ലഭിക്കാതെ കഴിഞ്ഞ വർഷം പുന്നോൺ പാടശേഖരത്തെ മുപ്പത് ഹെക്ടർ നെല്ല് കരിഞ്ഞുണങ്ങി. സംസ്ഥാന ഗ്രൂപ്പ് ഫാമിംഗ് സിസ്റ്റം 1993 ൽ ആരംഭിച്ചത് മുതൽ ഇവിടെ കൃഷിയുണ്ട്. നേരത്തെ രണ്ട് പുഞ്ചകൃഷി ചെയ്യുമായിരുന്നു. ഇപ്പോൾ ആഗസ്റ്റ്, സെപ്തംബർ മാസം കൃഷിയിറക്കി ഡിസംബർ, ജനുവരിയിൽ കൊയ്തെടുക്കും. നവംബർ, ഡിസംബർ മാസമാണ് ജലക്ഷാമം രൂക്ഷം. അഞ്ഞൂറിൽ അധികം കുടുംബങ്ങൾക്ക് പൈപ്പ് ലൈനിൽ വെള്ളം എത്തിക്കുന്ന കക്കണ്ണിമല, ചക്കുങ്കൽ മുരിപ്പ് കുടിവെള്ള പദ്ധതി വട്ടകാവിലാണുള്ളത്. ഇവിടേക്ക് വെള്ളം എത്തുന്നതും കനാലിലൂടെയാണ്.
പരാതികൾ അനവധി
കനാൽ പൂർവ സ്ഥിതിയിലാക്കാൻ പുന്നോൺ പാടശേഖര സമിതിയും പൊരിഞ്ഞേലിൽ പാടശേഖര സമിതിയും പി.ഐ.പി അധികൃതർക്കും വീണാ ജോർജ് എം.എൽ.എയ്ക്കും മന്ത്രി മാത്യു ടി. തോമസിനും പരാതി നൽകിയിരുന്നു. തുടർന്ന് പി.ഐ.പി അധികൃതർ കനാൽ പൂർവ സ്ഥിതിയിലാക്കാൻ 47.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചു. എന്നാൽ ജലസേചന വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പദ്ധതി നഷ്ടപ്പെടുമെന്നാണ് പാടശേഖര സമിതിക്കാർ ആരോപിക്കുന്നത്.
കനാൽ: പഴക്കം 40 വർഷം
പൂർണമായും നശിച്ച് : 2.25 കി.മീ