ഇടപ്പാവൂർ: ടോർച്ചിന്റെയും മെഴുകുതിരിയുടെയുമൊക്കെ സഹായത്തോടെ വഴി നടന്ന ചിറപ്പുറം കുന്നുകുഴി കോളനി നിവാസികൾക്ക് ആശ്വാസമായി തെരുവ് വിളക്ക് എത്തുന്നു. അയിരൂർ ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന കോളനിയുടെ മദ്ധ്യഭാഗത്തു കൂടിയാണ് പുതിയ വൈദ്യുതി ലൈൻ ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്നത്. കോളനിയിൽ 50 ൽ അധികം കുടുംബങ്ങളാണ് താമസിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശ പ്രകാരം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെളിച്ചം എത്തിക്കുന്നത്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സന്ധ്യയ്ക്ക് ശേഷം വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഗുരുമന്ദിരം ചിറപ്പുറം ഭാഗങ്ങളിലേയ്ക്ക് പോകാനുള്ള പ്രധാന മാർഗമാണിത്. സംസ്ഥാന വൈദ്യുതി വകുപ്പിനാണ് നിർമ്മാണ ചുമതല.