പത്തനംതിട്ട : ശബരിമല സീസണ് മുന്നോടിയായി പത്തനംതിട്ട നഗരസഭയുടെ ട്രാഫിക് അഡ്വൈസറി യോഗം ചേർന്നു. അബാൻ ജംഗ്ഷനിലെ ട്രാഫിക് ഒഴിവാക്കാനായി അറേബ്യൻ ജൂവലറിയ്ക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പ് പൂർണമായി നിർത്തലാക്കും. ടൗണിനകത്ത് വാഹനങ്ങളിൽ മത്സ്യകച്ചവടം നടത്തി റോഡ് മലിനമാക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. റിംഗ് റോഡിൽ പതിവായി അപകടമരണങ്ങൾ ഉണ്ടാകുന്ന മേലെ വെട്ടിപ്രം - വേലൻപറമ്പ്, വെട്ടിപ്രം ഓർത്തഡോക്സ് ചർച്ച് പടി എന്നിവിടങ്ങളിൽ അപകടമേഖലാ ബോർഡുകളും സീബ്രാ ലൈനുകളും സ്ഥാപിക്കും. അബാൻ ജംഗ്ഷനിൽ നിന്ന് തിരുവല്ലാ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും മുത്തൂറ്റ് ആശുപത്രിയ്ക്ക് സമീപം അനുവദിച്ചിട്ടുള്ള ബസ് സ്റ്റോപ്പിൽ നിറുത്തണം. പ്രധാന ജംഗ്ഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും. ടൂവീലറുകൾക്ക് ഏതെങ്കിലും രണ്ട് സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കും. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിരീക്ഷണ കാമറകൾ വയ്ക്കും. ശബരിമല സീസൺ പരിഗണിച്ച് ഗതാഗത നിയന്ത്രണം ഉണ്ടാകും. അബാൻ ജംഗ്ഷനിലെ സിഗ്നൽ ലൈറ്റിന്റെ ടൈമിംഗ് പ്രശ്നം പരിഹരിക്കും. റിംഗ് റോഡിലെ മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിന് സോഷ്യൽ ഫോറസ്റ്റിയുടെ അനുമതി വാങ്ങും. അഴൂർ ഭാഗത്ത് നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ പൊലീസ് സ്റ്റേഷനുമുമ്പ് നിന്ന് ഇടത്തേക്ക് പോയി കോളേജ് റോഡിൽ പ്രവേശിക്കണം. കുമ്പഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ പരമാവധി കണ്ണങ്കര - കല്ലറക്കടവ് റോഡ് ഉപയോഗിക്കണം. എല്ലാ കടവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. മേലെ വെട്ടിപ്രം, താഴെവെട്ടിപ്രം, അഴൂർ പെട്രോൾ പമ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കും. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജാംസിം കുട്ടി, പി.കെ അനീഷ്, പി.ഡബ്യൂ.ഡി എൻജിനിയർ വി. വിനീത, എ.എം.ഡി സുരേഷ് കെ. വിജയൻ, എസ്.പി കെ.എസ് തമ്പിക്കുട്ടി, മുനിസിപ്പൽ സെക്രട്ടറി എ.എം മുംതാസ് എന്നിവർ പങ്കെടുത്തു.