പത്തനംതിട്ട: മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും മോചനം നൽകുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡി അഡിക്ഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. റാന്നി താലുക്കാശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഡി അഡിക്ഷൻ സെന്റർ ആരംഭിച്ചത് സംസ്ഥാന സർക്കാരിന്റെ ലഹരി വർജന മിഷൻ വിമുക്തിയുടെ അഭിമുഖ്യത്തിലാണ് സെന്ററുകൾ തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ഡി അഡിക്ഷൻ സെന്റർ പ്രവർത്തിക്കുക. വിമുക്തിയാണ് ഇതിനു വേണ്ട ഫണ്ട് നൽകുന്നത്. ഡി അഡിക്ഷൻ സെന്ററിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും കേരള മെഡിക്കൽ സർവീസ് കോർപോർഷൻ വഴിയാണ് വിതരണം ചെയ്തത്. 8 കട്ടിലുകൾ നിലവിൽ ക്രമീകരിച്ചിട്ടുണ്ട്. ഐ.സി.യു സൗകര്യവും ഒരുക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾക്കും അടിമപ്പെട്ടവർക്കുള്ള ചകിത്സയും ഇവിടെ ലഭ്യമാക്കും. കൂടാതെ എല്ലാ തരം ജീവൻ രക്ഷാ മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും ഡി അഡിക്ഷൻ സെന്ററിൽ ഉണ്ടാവും. ഡി അഡിക്ഷൻ കൂടാതെ രോഗികൾക്കുള്ള പുനരധിവാസവും ഒരുക്കുന്നുണ്ട്. ഡോക്ടർ, ക്ലിനിക്കൽ സൈകോളജിസ്റ്, സ്റ്റാഫ് നേഴ്സ് ,സെക്യൂരിറ്റി, സ്വീപ്പർ എന്നിവരടങ്ങുന്ന 11 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. പ്രത്യേകം സെന്റർ ആരംഭിക്കുന്നതോടെ ലഹരിക്ക് അടിമപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ സാധിക്കും