പന്തളം: പന്തളത്ത് ബൈപ്പാസ് നിർമാണത്തിന് സ്ഥലം അക്വയർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സ്ഥലം എടുക്കുന്നതിനുവേണ്ടി ഇന്നലെ സർവേ തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. എം.സി റോഡിൽ സി.എം. ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മുട്ടാർ ജംഗ്ഷൻ, പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പിന്നിലൂടെ മണികണ്ഠൻ ആൽത്തറയിൽ എത്തുന്നതാണ് ബൈപ്പാസ് റോഡ്. മണികണ്ഠനാൽത്തറയിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്കുവേണ്ടി അണ്ടർ പാസേജും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലേക്ക് ലിങ്ക് റോഡും ഉൾപ്പെടെ നിർമിക്കുന്നതിനാണ് പ്ലാൻ തയാറാക്കിയിട്ടുള്ളത്. 3.848 കി.മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി രൂപ ചെലവുചെയ്താണ് പണിയുന്നത്. ചടങ്ങിൽ പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി, വൈസ് ചെയർമാൻ ഡി.രവീന്ദ്രൻ, കൗൺസിലർമാരായ അഡ്വ. കെ.എസ്. ശിവകുമാർ, എൻ.ജി സുരേന്ദ്രൻ, കെ.ആർ.രവി, രാധാ രാമചന്ദ്രൻ, ആർ.ജയൻ, ആനിജോൺ തുണ്ടിൽ, എ.രാമൻ, കെ.വി.പ്രഭ, നൗഷാദ് റാവുത്തർ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എസ്.റസീന, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ഇ.മുരുകേശ്, ഷീലാസ്റ്റ്, ഓമന വിജയൻ, ഓവർസിയർ സിനി, പന്തളം വില്ലേജ് ഓഫീസർ ജെ.ബിജു, കുരമ്പാല വില്ലേജ് ഓഫീസർ കെ.എൻ.അനിൽകുമാർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അൻവർഷാ എന്നിവർ പങ്കെടുത്തു. അക്വയർ ചെയ്യുന്നതിനുള്ള സ്ഥലം മാർക്ക് ചെയ്യുന്ന നടപടികൾ ഒരാഴ്ചക്കകം പൂർത്തീകരിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.