പത്തനംതിട്ട: മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുരക്ഷായാത്ര ഇന്നും തുടരും. ഇന്ന് പമ്പ മുതൽ സന്നിധാനം വരെയാണ് സുരക്ഷയാത്ര നടത്തുക. പത്തനംതിട്ട ശബരിമല റൂട്ടിലെ ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവ തരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായിട്ടാണ് സുരക്ഷയാത്ര സംഘടിപ്പിക്കുന്നത്. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ ആണ് സുരക്ഷായാത്രയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്നലെ പത്തനംതിട്ട മുതൽ പമ്പ വരെ സുരക്ഷ യാത്ര നടത്തിയിരുന്നു. ഇടത്താവളങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സ്നാനകടവുകൾ പരിശോധിച്ച് ആവശ്യമായിടത്ത് ബാരിക്കേഡുകൾ നിർമിക്കും സ്നാനകടവുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പമ്പയിലെ കടവുകളിൽ ബയോ ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും. ആവശ്യമായ ശൗചാലയങ്ങൾ ഏർപ്പെടുത്തും. നിലയ്ക്കലിൽ നിന്ന് സ്വാകര്യവാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാത്തതിനാൽ നിലയ്ക്കലിലെ പാർക്കിംഗ് ശേഷി വർദ്ധിപ്പിക്കും. കൂടാതെ ടാറ്റാ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളുടെ പ്രവർത്തനത്തിന് വേണ്ടി താൽക്കാലിക സംവിധാനം ഏർപ്പെടുത്തും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ കൂടുതൽ വർദ്ധിപ്പിക്കും. ജില്ലാ ആരോഗ്യവകുപ്പ്, മോട്ടോർവാഹന വകുപ്പ്, എക്സൈസ് വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണം തേടും.