പത്തനംതിട്ട: മലകയറാൻ യുവതികളെത്തിയാൽ അമ്പതു കഴിഞ്ഞ മാളികപ്പുറങ്ങളെ മുന്നിൽ നിർത്തി പ്രതിരോധിക്കാൻ സംഘപരിവാർ. ചിത്തിര ആട്ടത്തിനു നട തുറക്കുന്ന നവംബർ അഞ്ചിന് ഉച്ചമുതൽ പിറ്റേന്ന് വൈകിട്ട് ദീപാരാധന വരെ സ്ത്രീകളും കുടുംബാംഗങ്ങളും സന്നിധാനത്ത് ഉണ്ടാവും. ഇരുമുടിക്കെട്ടേന്തി ദർശനത്തിനാണ് പോവുക.
സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. സ്ത്രീകളായ പ്രതിഷേധക്കാരെ നീക്കണമെങ്കിൽ വനിതാ പൊലീസിനെ നിയോഗിക്കേണ്ടിവരും. ഇതിന് സർക്കാരിന്റെ അനുമതി വേണം.
യുവതികളെ തടയാൻ കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംഘപരിവാർ പ്രവർത്തകരും എത്തിയേക്കും. ഇൗ നീക്കം മുന്നിൽക്കണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസുകാരെ വിട്ടു നൽകാൻ ഡി.ജി.പി കത്തയച്ചിട്ടുണ്ട്.
തുലാമാസ പൂജയ്ക്ക് നടതുറന്ന ദിവസങ്ങളിൽ യുവതികളെ തടയാൻ അന്യസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുമുണ്ടായിരുന്നു.
അയ്യപ്പജ്യോതി രഥയാത്ര
ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒൻപതിന് നാല് ജില്ലകളിൽ അയ്യപ്പജ്യോതിരഥയാത്ര നടത്തും. റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 80 ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് നവംബർ 12 ന് വൈകിട്ട് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ സമാപിക്കും.
കരയോഗങ്ങളിൽ ഇന്ന്
സ്ത്രീകളുടെ നാമജപം
ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ എൻ. എസ്. എസ് കരയോഗങ്ങളിൽ ഇന്ന് സ്ത്രീകളുടെ അയ്യപ്പനാമജപം നടത്തും. ക്ഷേത്രങ്ങളിലും കരയോഗങ്ങളിലും അയ്യപ്പന്റെ ചിത്രത്തിനു മുന്നിൽ വിളക്കു കൊളുത്തി ഒരു മണിക്കൂർ നാമം ജപിക്കണമെന്നാണ് നിർദേശം. ഒരു വീട്ടിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണം. എൻ. എസ്. എസ് പതാകദിനത്തിന്റെ ഭാഗമായാണിത്.