കേരളം കണ്ട ഏറ്റവും വലിയ പ്രളയം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ് . ഇതിൽ നിന്ന് എപ്പോൾ മുക്തി നേടാനാവുമെന്ന് ആർക്കും നിശ്ചയമില്ലാത്ത സ്‌ഥിതി. പുനരധിവാസ പദ്ധതികളുടെ രൂപീകരണവും നടപ്പാക്കലും യുദ്ധകാലാടിസ്‌ഥാനത്തിലായാൽ മാത്രമേ ഈ കെടുതികളെ അതിജീവിക്കാൻ കേരളത്തിനാവൂ.
സമഗ്രവും ഏകീകൃതവും സംയോജിതവുമായ പുനരധിവാസ പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടത്. ദേശീയ തലത്തിലും വിദേശത്തുമുള്ള സാങ്കേതിക വിദഗ്ധരെയും ഏജൻസികളെയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ, വികേന്ദ്രീകൃത പഞ്ചായത്തുതല പദ്ധതികൾ എന്നിവ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ത്രിതല പഞ്ചായത്ത് തലങ്ങളിലൂടെയും സംസ്ഥാനതലത്തിൽ നേരിട്ടും നടപ്പാക്കാവുന്ന തരം മാസ്റ്റർ പ്ലാനാണ് രൂപീകരിക്കേണ്ടത്.
പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതല സംസ്ഥാന ആസൂത്രണബോർഡിനെ ഏൽപ്പിക്കുക. ബോർഡ് അംഗങ്ങൾക്ക് അവരവരുടെ മേഖലകളിൽ പൂർണ ചുമതല നൽകി പ്രവർത്തനങ്ങൾ സുഗമവും വേഗത്തിലുമാക്കാൻ ടാസ്‌ക് ഫോഴ്‌സുകളും സ്റ്റിയറിംഗ് കമ്മിറ്റികളും രൂപീകരിക്കാം. മുന്നോടിയായി സംസ്ഥാനതലത്തിൽ സെമിനാറുകളും ചർച്ചകളും നടത്തി നിർദ്ദേശങ്ങൾ പരിഗണിക്കണം. അടിയന്തരപ്രാധാന്യത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പാക്കാനും വിദഗ്ധർക്കും പ്രവർത്തകർക്കും ആവശ്യമായ പരിശീലനവും നൽകണം. സംസ്ഥാനത്തിന്റെ 2018-19 വാർഷിക പദ്ധതി പുനരധിവാസ പദ്ധതിയായി പുന:ക്രമീകരിക്കണം.
പദ്ധതി നിർവഹണവും മോണിറ്ററിംഗും
പദ്ധതി നിർവഹണത്തിനായി സംസ്ഥാന തലത്തിലും അതിന്റെ മാതൃകയിൽ ജില്ലാ പഞ്ചായത്ത് തലങ്ങളിലും പദ്ധതി നിർവഹണ സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. അടിയന്തര പ്രാധാന്യമുള്ളതും മറ്റ് പദ്ധതികളുടെ നിർവഹണത്തിന് അനിവാര്യവുമായ റോഡ്, പാലം എന്നിവയുടെ നിർമ്മാണത്തിന് കാലതാമസം വരരുത്. ഇതിനായി താൽക്കാലിക ഭരണനുമതി നൽകുകയും നിർവഹണത്തിന്റെ അവസാന ഘട്ടത്തിൽ വിശദമായ എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിൽ പൂർത്തീകരണ നടപടികൾ സ്വീകരിക്കാവുന്നതുമാണ്. പദ്ധതികളുടെ ഓൺലൈൻ മോണിറ്ററിംഗ് മുഖ്യമന്ത്റിയുടെ അദ്ധ്യക്ഷതയിലുള്ള മോണിറ്ററിംഗ് സെല്ലിന്റെ മേൽനോട്ടത്തിലാവുന്നത് അഭികാമ്യമായിരിക്കും.
ഫണ്ട് സ്വരൂപിക്കലും വിനിയോഗവും
നവകേരള നിർമ്മിതിയ്‌ക്കായി സർക്കാർ തലത്തിൽ നിയമപരമായ മാർഗങ്ങളിലൂടെ ഫണ്ട് സ്വരൂപീക്കേണ്ടതുണ്ട്. വിവാദങ്ങൾക്ക് ഇടം നൽകാതെ പ്രക്രിയ പൂർത്തീകരിക്കണം. പ്രാദേശിക, ദേശീയ നിവാസികളായിട്ടുള്ളവരുടെ സംഭാവനയ്‌ക്ക് നികുതി ഇളവ് നൽകാനാവുമോ എന്ന കാര്യവും പരിശോധിക്കാം. ഓരോ മേഖലയിൽ നിന്നും പിരിച്ചെടുക്കണ്ട തുകയ്ക്ക് ടാർഗറ്റ് നിശ്ചയിക്കുകയും അത് ഗഡുക്കളായി പിരിച്ചെടുക്കാനുള്ള തീവ്രശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്റിയുടെ ആഹ്വാനം എല്ലാതലങ്ങളിലും എത്തണം. സംസ്ഥാനത്തിന്റെ കൺസോളിടേറ്റഡ് ഫണ്ടിന്റെ വിനിയോഗം പോലെ ഈ ഫണ്ടിന്റെ വിനിയോഗവും സുതാര്യമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. ദുർവിനിയോഗമോ വകമാറ്റി ചെലവഴിക്കലുകളോ ഉണ്ടാകാതെ ശ്രദ്ധിക്കാൻ മുഖ്യമന്ത്റിയുടെ ഓഫീസിൽ സംവിധാനങ്ങൾ ക്രമീകരിക്കണം.
പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് അനിവാര്യമായ ഘടകം പൊതുജനങ്ങളുടെയും ഗുണഭോക്താക്കളുടേയും സഹകരണമാണ്. ശക്തമായ ഇടപെടലുകളിലൂടെ ബോധവത്കരണപരിപാടികളും പ്രചരണപരിപാടികളും സംഘടിപ്പിക്കണം.
പുനരധിവാസപ്രവർത്തനങ്ങൾക്കുപരി ഈ പ്രവർത്തനങ്ങൾ കേരളത്തിന്റെ പുനർജനനമാണ് ഉറപ്പാക്കുന്നത് എന്ന ബോധം ജനങ്ങൾക്കുണ്ടാകണം. അവലംബിക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിക്കിണങ്ങുന്നതാകാൻ ശ്രദ്ധ വേണം. സംസ്‌ഥാനത്ത് സംഭവിച്ച പാരിസ്ഥിതിക ആഘാതങ്ങൾ പ്രകൃതിക്ക് താങ്ങാൻ കഴിയുന്നതിനെക്കാൾ വലുതായതിന്റെ ഫലമാണ് നമ്മൾ നേരിട്ട ഈ ദുരന്തം. പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ലഭിച്ച അവസരം ഉപയോഗിക്കാൻ എല്ലാവരും മുന്നോട്ട് വരണം. 'ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ഭാരതീയ ദർശനത്തെ മുൻനിർത്തിയും 'ലോകത്തുള്ള സമസ്ത ചരാചരങ്ങൾക്കും സുഖം ഭവിക്കണമേ" എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുദേവനെപ്പോലെയുള്ള മഹർഷീശ്വരൻമാരുടെ വചനങ്ങളെ മുറുകെപിടിച്ചും നമുക്ക് മുന്നേറാം.
ഗുരുധർമ്മപ്രചരണസഭ പുനലൂർ മണ്ഡലം സെക്രട്ടറിയായ ലേഖകൻ സംസ്ഥാന ആസൂത്രണബോർഡിൽ സെല. ഗ്രേഡ് ജോയിന്റ് ഡയറക്ടറായും വിവിധജില്ലകളിൽ ജില്ലാ പ്ലാനിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
ഫോൺ: 9447332718