photo

കൊല്ലം: എൺപത് സെന്റ് സ്ഥലവും ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ടെങ്കിലും നാട്ടുകാർക്ക് കാൽ കാശിന്റെ പ്രയോജനമില്ലാത്ത തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അടിയന്തര ചികിത്സ വേണം. ആകെയുള്ള ഡോക്ടർ അവധിയെടുത്താൽ അടച്ചിടേണ്ട ഗതികേടാണിപ്പോൾ. മതിയായ ചികിത്സ കിട്ടാത്തതിനാൽ വിരലിലെണ്ണാവുന്ന രോഗികൾ മാത്രമാണ് ഇവിടെയെത്തുന്നത്.

തൃക്കരുവ പഞ്ചായത്തിലെ കാഞ്ഞാവെളി ഒൻപതാം വാർഡിലാണ് ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഉള്ളിൽ എക്സ് റേ ലാബ് എന്നെഴുതിയ മുറിയും ടെകിനീഷ്യനുമുണ്ട്. പക്ഷെ ഉപകരണങ്ങളില്ല. വൃത്തിഹീനമായ സാഹചര്യമായതിനാൽ ആരോഗ്യകേന്ദ്രത്തിലെത്തുന്നവർക്ക് കൂടുതൽ അസുഖങ്ങൾ പിടിപെടുന്ന അവസ്ഥയായിരുന്നു. അടുത്തിടെയാണ് താത്കാലികമായി ശുചീകരണ തൊഴിലാളിയെ നിയമിച്ചത്.

ഒരു മെഡിക്കൽ സൂപ്രണ്ടും എൻ.ആർ.എച്ച്.എമ്മിൽ നിന്നുള്ള ഒരു നഴ്സും ഒരോ നഴ്സിംഗ് അസിസ്റ്റന്റും ഫാർമസിസ്റ്റുമാണ് ഇവിടെയുള്ളത്. ഹെൽത്ത് ഇൻസ്പെക്ടർ അടക്കം 12 ഫീൽഡ് സ്റ്റാഫുകളുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള കുത്തിവയ്പുകളും മറ്റ് സ്കീമുകളും കൈകാര്യം ചെയ്യേണ്ട ദിവസങ്ങളിൽ ജീവനക്കാരുടെ കുറവ് ആരോഗ്യ കേന്ദ്രത്തിന്റെ താളംതെറ്റിക്കുന്നു. പഞ്ചായത്ത്  ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുന്നത് മാത്രമാണ് ആകെയുള്ള മെച്ചം.

കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഉള്ള കെട്ടിടങ്ങളിലൊന്ന് ഹോമിയോ ഡിസ്പെൻസറിയ്ക്ക് കൈമാറി. പുതിയ കെട്ടിടം നിർമ്മിക്കാവുന്നിടം കുഴൽക്കിണറിനായി വാട്ടർ അതോറിറ്റിക്കും വിട്ടുനൽകി. 

പ്രതീക്ഷയായി ആർദ്രം പദ്ധതി
തൃക്കരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതീക്ഷ നൽകുന്നുണ്ട്.നിലവിൽ  9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഒ.പി സമയം. കുടുംബാരോഗ്യ കേന്ദ്രമാകുമ്പോൾ ഒ.പി സമയം 6 വരെ നീളും. മൂന്ന് ഡോക്ടർമാരുടെ സേവനവും ലഭിക്കും. പക്ഷെ ഇതെന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല.