palam

പത്തനാപുരം: കല്ലുംകടവ് പാലത്തിലെ  കുഴികളടയ്ക്കുന്നതിന് നടപടിയായി.വലിയ കുഴികൾ രൂപപ്പെട്ട്  പാലത്തിന്റെ സ്ലാബുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ പുറത്തുവന്നത് അപകട ഭീഷണി ഉയർത്തിയിരുന്നു. പാലത്തിലൂടെയുള്ള ദുരിതയാത്ര കേരളകൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ  പതിവായിരുന്നു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരും നഗരത്തിലെ വ്യാപാരികളും യുവജന സംഘടനകളും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം  പാലത്തിൽ മെറ്റൽ പാകി ടാറിംഗ് നടത്തുന്ന പണികൾ ആരംഭിച്ചു. പുനലൂർ - മുവാറ്റുപുഴ പ്രധാന പാതയിൽ സ്ഥിതിചെയ്യുന്ന പാലത്തിൽ ചെറിയ മഴ പെയ്യുമ്പോഴേക്കും വെള്ളം കെട്ടിനിന്ന് വലിയ കുഴികൾ ഉണ്ടാകുകയാണ്. അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളടക്കം നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ശബരിമല സീസണായാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആയിരക്കണക്കിന് തീർത്ഥാടക വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പഴയ പാലം നിലനിറുത്തിക്കൊണ്ട് പുതിയ പാലം നിർമ്മിച്ചിട്ട് അധിക വർഷങ്ങൾ ആകുന്നില്ലങ്കിലും പാലത്തിന് ബലക്ഷയമുണ്ടെന്ന് പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദേശീയ നിലവാരത്തിൽ റോഡ് നിർമ്മാണത്തിനൊപ്പം വീതി കുറവുള്ളതും തകർച്ചയുള്ളതുമായ പാലങ്ങളും പുനർനിർമ്മിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. പാലത്തിലെ കുഴികൾ അടച്ച് ടാറിംഗ് നടത്തുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.