കരുനാഗപ്പള്ളി: കരനെൽകൃഷിയിൽ മണപ്പള്ളി കുടുംബശ്രീ യൂണിറ്റ് വിളയിച്ചെടുത്തത് 180 ക്വിന്റൽ നെല്ല്. 6.50 ഏക്കർ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കിയത്. വിളവെടുപ്പ് കഴിഞ്ഞപ്പോൾ 180 ക്വിന്റൽ നെല്ല് ലഭിച്ചു. തഴവ ഗ്രാമപഞ്ചായത്തിലെ മണപ്പള്ളി 11ാം വാർഡിലെ മൂന്ന് സ്ഥലങ്ങളിലായിരുന്നു കൃഷി. . വാർഡിൽ 30 യൂണിറ്റുകളിലായി 350 അംഗങ്ങളാണ് ഉള്ളത്. കൃഷിക്ക് ആവശ്യമായ വിത്തും വളവും കൃഷിഭവൻ സൗജന്യമായി നൽകി. കൃഷി ഓഫീസർ റോസിക്കിലിന്റെ പ്രോത്സാഹനവും ഉണ്ടായിരുന്നു. അത്യുല്പാദന ശേഷിയുള്ള ഉമ വിത്താണ് വിതച്ചത്. വിതച്ചതും കളപറിച്ചതും വളമിട്ടതും എല്ലാ കുടുംബശ്രീയീലെ സ്ത്രീകൾ തന്നെ. വാർഡ് മെമ്പർ പാവുമ്പാ സുനിലിന്റെ പിന്തുണയും ഉണ്ടായിരുന്നു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.കൃഷ്ണകുമാർ, കെ.പി.രാജൻ, കടമ്പാട്ട് ഗോപാലകൃഷ്ണൻ, മേലൂട്ട് പ്രസന്നകുമാർ, വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർ പാവുമ്പ സുനിൽ എന്നിവർ പ്രസംഗിച്ചു. നെല്ല് പുഴുങ്ങി കുത്തി അരിയാക്കി നാട്ടിൽത്തന്നെ വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാവുമ്പ സുനിൽ പറഞ്ഞു. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനാണ് തീരുമാനം.