ഓച്ചിറ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ ശരണമന്ത്രജപ ഘോഷയാത്ര ഓച്ചിറയിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുംഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അയ്യപ്പമന്ത്രങ്ങൾ ഉരുവിട്ടും ശരണം വിളിച്ചുമാണ് ഭക്തജനങ്ങൾ പദയാത്രയിൽ അണിനിരന്നത്. രണ്ട് പദയാത്രകളാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. ഓച്ചിറ പടനിലത്ത് പദയാത്രകൾ എത്തിച്ചേർന്നപ്പോൾ കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പദയാത്ര അഞ്ച് മണിയോടുകൂടി ഓച്ചിറ പടനിലത്ത് എത്തിച്ചേർന്നു. ഹൈന്ദവ സംസ്കാരത്തെ തച്ചുടയ്ക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ജനം തിരിച്ചറിയണമെന്ന് തുടർന്ന് നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം കെ.ജെ.പ്രസേനൻ പറഞ്ഞു . ഇല്ലിക്കുളത്ത് ജയചന്ദ്രൻ, വയലിത്തറ കാർത്തികേയൻ, ശ്രീകുമാർ വള്ളിക്കാവ്, ശോഭനൻ, എ.ആർ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഓംകാരം പദയാത്രാസംഘത്തിന്റെ നേതൃത്വത്തിൽ വലിയകുളങ്ങര ശ്രീദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു, പ്രവീൺ, അമ്പിയിൽ രഞ്ജിത്, അമ്പിയിൽ സന്തോഷ്, ബിലഹരി, അമ്പിയിൽ സുനി, രാഹുൽ എന്നിവർ നേതൃത്വം നൽകി.