a1

ആലപ്പുഴ: പ്രളയം കവർന്ന വീട് കുഞ്ഞുമോന് ഇനി ദുഃഖസ്വപ്‌നമല്ല. ഭാര്യ ലതയ്ക്കൊപ്പം ചെറുജീവിതം തുടരാൻ കുഞ്ഞുമോന് കൈത്താങ്ങുമായി ലണ്ടനിൽ നിന്ന് ഒരുകൂട്ടം മനുഷ്യസ്നേഹികളെത്തി. പ്രളയാനന്തരം വീടില്ലാതെ ബന്ധുവീട്ടിൽ അഭയം തേടിയ പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് ഇല്ലിച്ചിറ ലതാലയത്തിൽ കുഞ്ഞുമോന്റെയും ഭാര്യ ലതയുടെയും ദുരവസ്ഥയെക്കുറിച്ച് കഴിഞ്ഞ അഞ്ചിന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർക്ക് വീടുനൽകാൻ ലണ്ടനിൽ നിന്ന് മലയാളികളുൾപ്പെടെയുള്ള 50 അംഗ സന്നദ്ധ സംഘം സഹായ വാഗ്‌ദാനവുമായെത്തിയത്. കൂട്ടായ്‌മയിൽ അംഗങ്ങളായ വി. സുഭാഷ്, സജീവ് സദാനന്ദൻ എന്നിവർ കഴിഞ്ഞദിവസം കുഞ്ഞുമോന്റെ വീട്ടിലെത്തി വിവരം ശേഖരിച്ചു. തുടർന്ന് ഇന്നലെ സുഭാഷും സജീവ് സദാനന്ദനും ദമ്പതികളെ സന്ദർശിച്ച് ആദ്യഘട്ടമായി ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറി. പൊളിഞ്ഞുവീണ വീട് സാക്ഷ്യം വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം പുന്തല ശാഖ പ്രസിഡന്റ് സാംകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഡി. ശിവാനന്ദൻ, യൂണിയൻ കമ്മിറ്റി അംഗം കെ. രാജൻ, മാനേജിംഗ് കമ്മിറ്റി അംഗം മോഹൻദാസ്, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് സി.പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.