കൊല്ലം: ചവറ പുത്തൻചന്ത പന്മനയിലെ കലുങ്കിന് ബലക്ഷയം. ഇത് പൊളിച്ചുനീക്കി പുതിയ കലുങ്ക് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എപ്പോഴും വാഹനത്തിരക്ക് ഏറിയ ചവറ- ശാസ്താംകോട്ട റോഡിലാണ് അപകടാവസ്ഥയിലായ കലുങ്ക്. ജ്ഞാനോദയം ഗ്രന്ഥശാലയ്ക്ക് മുന്നിലായി രണ്ട് കലുങ്കുകളാണ് അടുത്തടുത്തായി ഉണ്ടായിരുന്നത്. ഇതിലൊന്ന് ഒന്നര മാസം മുമ്പ് തകർന്നു. വാഹന ഗതാഗതം തീർത്തും തടസപ്പെടുകയും ചെയ്തു. താത്കാലിക പരിഹാരമുണ്ടാക്കിയാണ് റോഡ് ഗതാഗതം പുനരാരംഭിച്ചത്. ഇതോടുചേർന്ന് നിൽക്കുന്ന കലുങ്കിന് ബലക്ഷയമാണ്. ഈ കലുങ്ക് പതിറ്റാണ്ടുകൾക്ക് മുമ്പ് ഓടയിൽ നിന്നുള്ള വെള്ളം മറുവശത്തെത്തുന്നതിന് വേണ്ടിയാണ് നിർമ്മിച്ചത്. കലുങ്കിന് ബലക്ഷയം ഉണ്ടെന്നും വാഹനങ്ങൾ വേഗത കുറച്ചുപോകണമെന്നും കാട്ടി പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചത് മാത്രമാണ് ആകെയുള്ള നടപടി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകൾ നവീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഈ കൂട്ടത്തിൽ കലുങ്ക് പൊളിച്ച് പുതിയത് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കലുങ്ക് പൊളിച്ചാൽ ഇതുവഴിയുള്ള വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ടതായും വരും.