ഓച്ചിറ : ഓച്ചിറ കുടിവെള്ള പദ്ധതിയുടെ  മേമന വാട്ടർ ട്രീറ്റ്‌​മെന്റ്  പ്ലാന്റ് പരിസരത്ത്  കാർ പാർക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് പരിക്ക്.  പ്ലാന്റ്  ഓപ്പറേറ്റർ തുറയിൽക്കുന്ന് സ്വദേശി സ്വാതിഷ് മോഹൻ (42), സമീപവാസികളായ എസ്. എം. മൻസിലിൽ ആരിഫ ബീവി (60), മകൻ ഷെഫീക്ക് (42) എന്നിവർക്കാണ് പരിക്കേറ്റത്.

സ്വാതിഷ് മോഹനനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും ആരിഫ ബീവിയേയും ഷെഫീക്കിനേയും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  ആരിഫാബീവിയുടെ വീട്ടിലെത്തിയ ബന്ധുക്കളാണ് കാർ പാർക്ക് ചെയ്തത്.  ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം.  ഇരുവരും ഓച്ചിറ പൊലീസിൽ പരാതി നൽകി. നിരോധിത മേഖലയിൽ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ മർദ്ദിച്ചു എന്നാരോപിച്ച് വാട്ടർ അതോറിറ്റി സംയുക്ത ട്രേഡ് യൂണിയന്റെ  ആഭിമുഖ്യത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.  കേരള വാട്ടർ അതോറിറ്റി എംപ്‌​ളോയിസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്  കെ. ജി. ബിന്ദു യോഗം  ഉദ്ഘാടനം ചെയ്തു. യൂണിയൻ നേതാക്കളായ ദേവരാജൻ, ശിവകുമാർ, സെയ്ത് തുടങ്ങിയവർ സംസാരിച്ചു.