പുനലൂർ:ജനവാസ മേഖലയായ തെന്മല പഞ്ചായത്തിലെ ഇടമൺ-34ൽ  ഇറങ്ങിയ പുലിയെ കണ്ട ടാപ്പിംഗ് തൊഴിലാളി  ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ  5ന് ഇടമൺ-34ലെ തേക്കുകൂപ്പിന് സമീപത്തെ പനംപുന്ന തോട്ടത്തിലാണ് പുലിയെ കണ്ടത്. സമീപവാസിയായ ബിനുവിന്റെ  റബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയ നസീർ ആണ് പുലിയെ കണ്ടത്.  ഇയാൾ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.  രണ്ട് ദിവസം മുമ്പ് സമീപത്തെ ആയിരനെല്ലൂർ- ഇടമൺ-34 പാതയോരത്ത്  രാത്രിയിൽ ഇറങ്ങിയ പുലി സമീപത്ത് മത്സ്യം സൂക്ഷിക്കാൻ വച്ചിരുന്ന  ഷെഡ് തല്ലിത്തകർത്തിരുന്നു. രാത്രിയിൽ മത്സ്യം സൂക്ഷിക്കാൻ  എത്തിയ തൊഴിലാളികൾ ഷെഡിന്റെ  മുകളിൽ പുലി കിടക്കുന്നത് കണ്ട് ഭയന്ന് ഓടി.  പ്രദേശവാസികൾ ഭിതിയിലാണ്.  സാധാരണ നിലയിൽ വന മേഖലയോട് ചേർന്ന നാട്ടിൻ പ്രദേശങ്ങളിലാണ്  പുലി ഇറങ്ങാറുളളത്.  ആദ്യമായാണ് ഇടമൺ-34 ന് സമീപത്തെ ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത്. മൂന്ന്  ദിവസം മുമ്പ് ഒറ്റക്കൽ പുളിമുക്കിലെ ബാലവാടിക്ക് മുന്നിലെ റോഡിലൂടെ പുലി നടന്നുപോകുന്നത് കണ്ട ബൈക്ക് യാത്രികർ  വാഹനം വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു.