കൊല്ലം/ചെങ്ങന്നൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രതിഷേധ നാമജപ യാത്രകൾ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപിക്കുന്നു. തുലാമാസ പൂജയ്ക്ക് ഏഴുദിവസം അവശേഷിക്കെ എന്ത് അടിയന്തര സാഹചര്യവും നേരിടാൻ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവരെ സജ്ജരാക്കി സർക്കാരും തയാറെടുപ്പ് നടത്തുന്നു.
ശബരിമല ആചാര സംരക്ഷണത്തിന് നിലയ്ക്കലിൽ പർണശാല കെട്ടി നടത്തുന്ന നാമജപ സമരത്തിലേക്ക് കൂടുതൽ വിശ്വാസികൾ എത്തിത്തുടങ്ങി. ഇതോടെ പ്രധാന പ്രക്ഷോഭ വേദിയായി മാറുകയാണ് ഇവിടം. രാപ്പകൽ സമരം നടക്കുന്നതിനാൽ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തുലാമാസ പൂജകൾക്ക് 17ന് നട തുറക്കുന്നതോടെ നിലയ്ക്കലിൽ പർണശാലകളുടെ എണ്ണം കൂട്ടാനാണ് ശബരിമല ആചാര സംരക്ഷണ സമിതിയുടെ തീരുമാനം. പന്തളം കൊട്ടാരം ആഹ്വാനം ചെയ്ത പ്രതിഷേധ നാമജപ യാത്ര വിശ്വാസികൾ ഏറ്റെടുത്തതോടെ സംസ്ഥാനത്താകെ യാത്ര പ്രാദേശിക തലത്തിൽ ശക്തി പ്രാപിക്കുകയാണ്.
സിനിമാ, സീരിയൽ താരങ്ങളും
സിനിമാ - സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ശബരിമല സംരക്ഷണ യാത്ര 14ന് രാവിലെ 9ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പന്തളം മണികണ്ഠൻ ആൽത്തറ, കോയിക്കൽ ക്ഷേത്രം, കൊട്ടാരം, ശ്രാമ്പിക്കൽ കൊട്ടാരം, ഓമല്ലൂർ, വടശേരിക്കര, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം, ളാഹ, പ്ളാപ്പള്ളി വഴി നിലയ്ക്കലിൽ സമാപിക്കും. ശബരിമല തന്ത്രി ഉൾപ്പെടെയുള്ള ആചാര്യന്മാരുടെയും പന്തളം കൊട്ടാരത്തിന്റെയും പേട്ട സംഘങ്ങളുടെയും ശബരിമലയിലെ മറ്റ് അനുഷ്ഠാനങ്ങളിൽ പ്രവർത്തിക്കുന്നവരിൽ നിന്നുമായി അഭിപ്രായം സ്വരൂപിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സംഘം കൈമാറും. പ്രമുഖ അഭിനേതാക്കൾ വിശ്വാസികൾക്കൊപ്പമാണെന്ന് അറിയിക്കുന്നതിന് കൂടിയാണ് യാത്രയെന്ന് ശ്രീ അയ്യപ്പൻ സീരിയലിൽ പന്തളം രാജാവായി അഭിനയിച്ച നടൻ ദേവൻ പറയുന്നു. സീരിയലിൽ അയ്യപ്പനായി അഭിനയിച്ച കൗശിക് ബാബുവും യാത്രയിൽ പങ്കെടുക്കും.
ശബരിമല ആക്ഷൻ കൗൺസിൽ
ദക്ഷിണഭാരതത്തിലെ അഞ്ച് സംസ്ഥാനങ്ങളിലും ഇന്ന് മുതൽ ഉപരോധ സമരം ആരംഭിക്കും. കേരളത്തിൽ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഉപരോധ സമരം നടക്കും. കൊച്ചിയിൽ ചേർന്ന ഹിന്ദു നേതൃസമ്മേളനത്തിലാണ് ഇതിനായി ശബരിമല ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ശ്രീമൂലം തിരുനാൾ ശശികുമാർ വർമ്മ (പന്തളം രാജകൊട്ടാരം), സ്വാമി ചിദാനന്ദപുരി എന്നിവരാണ് രക്ഷാധികാരികൾ. അഡ്വ.ഗോവിന്ദ ഭരതൻ (അദ്ധ്യക്ഷൻ), കെ.പി.ശശികല (ചെയർപേഴ്സൺ),എസ്.ജെ.ആർ.കുമാർ (മുഖ്യ സംയോജകൻ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ഹിന്ദുനേതൃസമ്മേളനം
പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം നടക്കും. ഗുരുസ്വാമിമാർ, ആചാര്യന്മാർ, വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ആയിരക്കണക്കിന് ഭക്തരെയാകും പ്രതിഷേധത്തിൽ അണിനിരത്തുക.12ന് സെക്രട്ടേറിയറ്റ് പടിക്കൽ പന്തളം രാജകൊട്ടാരത്തോടൊപ്പം ചേർന്ന് നാമജപ യജ്ഞം നടത്തും. 17ന് നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ അമ്മമാരുടെ ഉപവാസവും ആചാര്യ സദസും നടക്കും.
ശബരിമല സംരക്ഷണയാത്ര
ബി.ജെ.പിയുടെ നേതൃത്വത്തിൽ പന്തളത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര ഇന്ന് ആരംഭിക്കും. 15ന് തിരുവനന്തപുരത്ത് ലോംഗ് മാർച്ചോടെ സമാപിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള യാത്ര നയിക്കും. തെക്കൻ ജില്ലകളിൽ പര്യടനം നടത്തിയാണ് കാൽനടയാത്ര സമാപിക്കുക. ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള എൻ.ഡി.എ കക്ഷികളിലെ പ്രവർത്തകരും അണിനിരക്കും. 17ന് മഹിളാമോർച്ച പ്രവർത്തകർ അയ്യപ്പന്റെ പൂങ്കാവന പ്രദേശങ്ങളിൽ ഉപവാസ പ്രാർത്ഥനായജ്ഞം നടത്തും.