paravur
തെക്കുംഭാഗം ബീച്ച്

 

 

 

പരവൂർ: കായലും കടലും സംഗമിക്കുന്ന അപൂർവ ദൃശ്യം, കാഴ്ചക്കാരെ ആകർഷിക്കുന്ന മനോഹാരിത, പ്രശാന്തമായ അന്തരീക്ഷം ഇവയൊക്കെയുണ്ടെങ്കിലും കാപ്പിൽ-തെക്കുംഭാഗം ബീച്ചിന്റെ വികസനം മാത്രം തിരയടിച്ചുയരുന്നില്ല. പശ്ചാത്തല വികസനത്തിനുള്ള സാദ്ധ്യതകളേറെയുണ്ടെങ്കിലും അധികൃതരുടെ അവഗണനയാണ് ഇവിടെ തിരിച്ചടിയാകുന്നത്.

തിരുവന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടുത്തെ മനോഹാരിത ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. തദ്ദേശീയരായ ആളുകൾക്കൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമൊക്കെയുള്ള ടൂറിസ്റ്റുകളും ഇതിൽ ഉൾപ്പെടും. കാപ്പിൽ പാലം വന്നതോടെയാണ് ബീച്ച് കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ഇടംപിടിക്കുന്നത്. ഇതോടെ ഇവിടേക്കുള്ള ഗതാഗതം കൂടുതൽ സുഗമമായി. പാശ്ചാത്യ ബീച്ചുകളോട് കിടപിടിക്കത്തക്ക തരത്തിലുള്ള വശ്യത, നീളം കൂടിയ തീരം, ശാന്തമായ അന്തരീക്ഷം എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. തീരദേശ ഹൈവേ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടുതൽ വർദ്ധിക്കും.

എന്നാൽ പ്രകൃതി കനിഞ്ഞുനൽകിയ സൗകര്യങ്ങൾക്കിപ്പുറം കൂടുതലായി എന്തെങ്കിലും ഏർപ്പെടുത്താൻ ഇനിയും അധികൃതർക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ നഗരസഭയും ഡി.ടി.പി.സിയുടെ സംയുക്തമായി മനസുവച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. എന്നാൽ ഇത് സഞ്ചാരികളുടെ സ്വപ്നമായി അവശേഷിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് ബീച്ചിൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നതാണ് ഏറ്റവും പ്രധാന ആവശ്യം. എന്നാൽ വർഷങ്ങളായി ഇതിനുള്ള കാത്തിരിപ്പ് തുടരുകയാണ്. പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാത്തതും മറ്റൊരു പ്രശ്നമാണ്. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

സന്ധ്യമയങ്ങിയാൽ ബീച്ച് ഇരുട്ടിന്റെ പിടിയിലമരുന്നതും സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. തെരുവ് വിളക്കുകൾ കൃത്യമായി പ്രകാശിക്കാത്തതാണ് ഇതിനുള്ള പ്രധാനകാരണം. ഇവിടെയുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റും മിഴിയണച്ചിട്ട് നാളുകളേറെയായി. ഇരിപ്പിടങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്നം. ഉള്ള ഇരിപ്പിടങ്ങളാകട്ടെ ശക്തമായ വെയിലിൽ ആശ്രയിക്കാൻ സാധിക്കില്ല. തെരുവുനായ ശല്യവും രൂക്ഷമാണ്. പ്രാഥമികആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യവും ഇല്ല.

ഈ അവസ്ഥ മറികടക്കുന്നതിന് ബീച്ചിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സ‌ഞ്ചാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. ഇതിൽ ഉൾപ്പെടുത്തി മേഖലയിൽ ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തണം. വിശ്രമത്തിനായി ഹട്ടുകൾ സ്ഥാപിക്കണമെന്നും കുട്ടികളുടെ വിനോദത്തിനായി പാർക്കുകൾ സ്ഥാപിക്കണമെന്നും കുടിവെള്ള വിതരണത്തിന് പ്രത്യേകം സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

ബീച്ചിന് വേണം ഇവയൊക്കെ...

01. കൂടുതൽ ഇരിപ്പിടങ്ങൾ

02. പൊലീസ് എയ്ഡ് പോസ്റ്റ്

03. കുടിവെള്ള വിതരണം

04. കുട്ടികളുടെ പാർക്ക്

05. ലൈഫ്ഗാർഡ് സേവനം

06. കൂടുതൽ തെരുവ് വിളക്കുകൾ

07. ബോട്ടിംഗിനുള്ള സൗകര്യം

08.തെരുവ് നായ്ക്കളുടെ നിയന്ത്രണം

 

എയ്ഡ്പോസ്റ്റ് സ്ഥാപിക്കണം
ബീച്ചിന്റെ വികസനത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇവിടെ പൊലീസ് എയ്ഡ്പോസ്റ്ര് സ്ഥാപിക്കണം. സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന് ബോട്ട് ക്ളബുകളും വിശ്രമത്തിനായി ഹട്ടുകളും സ്ഥാപിക്കണം.

 

അഡ്വ.പി. ഗോപാലകൃഷ്ണൻ (മുനിസിപ്പൽ വികസന സമിതി അംഗം)