വർദ്ധിപ്പിച്ച വേതനം നൽകാനും മടി
കൊല്ലം: പഞ്ചായത്തുകൾ തോറുമുള്ള ഡിസ്പെൻസറികളിലെ താത്കാലിക ജീവനക്കാർ ശമ്പളമില്ലാതെ വലയുന്നു. കേന്ദ്രസർക്കാരിന്റെ ദേശീയ ആരോഗ്യമിഷൻ പദ്ധതി പ്രകാരം പഞ്ചായത്ത് തലത്തിൽ ആരംഭിച്ച എൻ.എച്ച്.എം ഡിസ്പെൻസറികളിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് അറ്റൻഡറും ഫാർമസിസ്റ്റും ജോലി ചെയ്യുന്നത്.
അറ്റൻഡർക്ക് 645ഉം ഫാർമസിസ്റ്റിന് 750ഉം രൂപയാണ് വേതനം. ഇത് പലപ്പോഴും കിട്ടാറില്ല. നിരന്തരം നൽകുന്ന നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വേതനം വല്ലപ്പോഴും കൂട്ടുന്നത്. എന്നാൽ കൂട്ടിയ വേതനം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. പദ്ധതി കേന്ദ്രസർക്കാരിന്റേതാണെങ്കിലും വേതനം നൽകുന്നത് പഞ്ചായത്ത് മുഖേനയാണ്. പരാതി പറഞ്ഞാൽ ഉത്തരവാദി തങ്ങളല്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ ഒഴിഞ്ഞുമാറും. 'എൻ.എച്ച്.എം ഡിസ്പെൻസറി ജീവനക്കാർക്ക്" എന്ന് പ്രത്യേകം ഓർഡർ നൽകിയാലേ വർദ്ധിപ്പിച്ച വേതനം നൽകൂ എന്ന് സാങ്കേതിക തടസം ഉന്നയിക്കുന്നവരുമുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ഡിസ്പെൻസറികളിലെ ജീവനക്കാരുടെ അവസ്ഥ സമാനമാണ്.
മിക്ക ഡിസ്പെൻസറികളിലും ഒരു മെഡിക്കൽ ഓഫീസറും ഒരു അറ്റൻഡറുമാണുള്ളത്. അതിനാൽ ദിവസവും എത്തുന്ന നൂറുകണക്കിന് രോഗികളുടെ കാര്യങ്ങൾ നോക്കുക ആയാസകരമാണ്. ജോലിഭാരത്തെക്കുറിച്ച് പരാതിയില്ല, അനുവദിച്ച വേതനം നൽകണമെന്നാണ് ജീവനക്കാർ പറയുന്നത്.
2009 മുതലാണ് എൻ.എച്ച്.എം ഡിസ്പെൻസറികൾ ആരംഭിച്ചത്. ഡോക്ടർക്ക് മാത്രമാണ് എൻ.എച്ച്.എം ശമ്പളം നൽകുന്നത്. അറ്റൻഡർ, ഫാർമസിസ്റ്റ് തസ്തികയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമനം നടത്തുന്നതും ശമ്പളം നൽകുന്നതും. ഒൻപത് വർഷമായി ഭൂരിഭാഗം പേർക്കും കൃത്യമായ വേതനമില്ല. ജില്ലയിലെ എഴുകോൺ, കരീപ്ര, ഏരൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്പെൻസറികളുടെ അവസ്ഥയും ഇതുതന്നെ. ഡിസ്പെൻസറി ജീവനക്കാർക്ക് പ്രശ്നങ്ങൾ ഉന്നയിക്കാനും പ്രതിഷേധിക്കാനും സംഘടനാബലം ഇല്ലെന്നതും തിരിച്ചടിയാണ്. ജില്ലയിൽ അടുത്ത കാലത്ത് ഡിസ്പെൻസറി ജീവനക്കാർ ചേർന്ന് എൻ.എച്ച്.ആർ.എം ഡിസ്പെൻസറി സ്റ്റാഫ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു.
ഹോമിയോ, ആയുർവേദം, യുനാനി ഡിസ്പെൻസറികളാണ് സംസ്ഥാനത്താകെ പ്രവർത്തിക്കുന്നത്. കരാർ നിയമനം പോലുമല്ലാത്തതിനാൽ സാധാരണ തൊഴിലിടങ്ങളിലെ ആനുകൂല്യങ്ങളോ അവധിയോ ലഭിക്കാറില്ല. ഓണത്തിന് പോലും അവധിയില്ലാതെ ജോലി ചെയ്യണം. അതിനാൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് ജീവനക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഡിസ്പെൻസറികളുടെ ജില്ലാ ഭാരവാഹികളുടെ കൂട്ടായ്മ 14ന് പാലക്കാട് സി.ഐ.ടി.യു ഭവനിൽ ചേരും.
സർക്കാർ നടപടി സ്വീകരിക്കണം
വർഷങ്ങളായി മരുന്ന് കൈകാര്യം ചെയ്യുന്ന ഡിസ്പെൻസറി ജീവനക്കാർക്ക് ഇക്കാര്യത്തിൽ യോഗ്യതയുണ്ടെന്ന സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. സർക്കാരിന് കീഴിലോ ഹെൽത്ത് മിഷന്റെ കീഴിലോ പരിശീലന പരിപാടി സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ ഉപഹാരമാകും.
''
ഉള്ളതുപോലും ലഭിക്കുന്നില്ല
തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നത്. അറുനൂറ് രൂപയ്ക്ക് മുകളിലാക്കിയിട്ട് കുറച്ച് കാലമേ ആയുള്ളൂ. ഇതും യഥാസമയം കിട്ടാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഭരണ സമിതികൾ മാറുമ്പോൾ പലരുടെയും ജോലി ഇല്ലാതാകും.
ആർ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി
എൻ.എച്ച്.ആർ.എം ഡിസ്പെൻസറി സ്റ്റാഫ് അസോ., കൊല്ലം