കൊല്ലം: ദേശീയപാത വികസനത്തിന്റെ ഡിജിറ്റൽ അലൈൻമെന്റ് പ്ലാൻ പൊതുജനങ്ങൾക്ക് നൽകാൻ തയ്യാറാകണമെന്ന് ഹൈേവേ പ്രൊട്ടക്‌ഷൻ ഫോറം ജനറൽ കൺവീനർ കെ.കെ. നിസാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിജിറ്റൽ അലൈൻമെന്റ് പ്ലാൻ രഹസ്യമാക്കി വയ്ക്കുന്നത് ദുരൂഹമാണ്. സർവേ നടത്തുന്നവർക്ക് പോലും പ്ലാനിനെ സംബന്ധിച്ച് ധാരണയില്ല. ഓരോ മേഖലയിലെയും അളവെടുപ്പിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് അവലംബിക്കുന്നത്. അളവിലെ അപാകത, നഷ്ടപരിഹാരം, പുനർനിർമ്മാണം എന്നിവയെ സംബന്ധിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താതെ ത്രി ഡി വിജ്ഞാപനത്തിനായി ഭൂമി അളക്കുന്നത് നിമയവിരുദ്ധമാണ്. നീതിനിഷേധം തുടർന്നാൽ സമരത്തിനൊപ്പം നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം ജോയിന്റ് കൺവീനർ ഗണേഷ്, ഇന്റർനാഷണൽ മിഷൻ ഫോർ ഹ്യൂമൺ റൈറ്റ്സ് ജനറൽ സെക്രട്ടറി കെ.എസ്. ഷൈനാസ്, ട്രഷറർ ഷാലു ഫൈസൽ, ഷാജഹാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.