കൊല്ലം: സൂര്യകാന്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദീനദയാൽ ട്രോഫി കേരള കബഡി ലീഗ് സീസൺ 2 ഇന്നാരംഭിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ജോൺ ഡാനിയേൽ, ജനറൽ കൺവീനർ എം. സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം പീരങ്കി മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരങ്ങൾ. ഇന്ന് വൈകിട്ട് 4.30ന് മത്സരങ്ങൾ ആരംഭിക്കും. ആദ്യദിവസം പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറ് മത്സരങ്ങൾ നടക്കും. വനിതാ -പുരുഷ വിഭാഗങ്ങളിൽ അഞ്ച് വീതം ടീമുകളാണ് കബഡി ലീഗിൽ പങ്കെടുക്കുന്നത്. ദേശീയ കബഡി താരങ്ങളും ടീമുകളുടെ ഭാഗമായി മത്സരങ്ങളിൽ പങ്കെടുക്കും.
പുരുഷ - വനിതാ വിഭാഗങ്ങളിൽ ജേതാക്കളാകുന്ന ടീമുകൾക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ദീനദയാൽ ട്രോഫിയും സമ്മാനിക്കും. ഫസ്റ്റ് റണ്ണർ അപ്പിന് 75000 രൂപയും സെക്കന്റ് റണ്ണർ അപ്പിന് 50000 രൂപയുമാണ് സമ്മാനം. പുരുഷ - വനിതാ വിഭാഗങ്ങളിലെ മികച്ച ഓൾ റൗണ്ടർക്കും മികച്ച റെയ്ഡർക്കും ആർ.ശങ്കർ ട്രോഫിക്കൊപ്പം 25000 രൂപ വീതം കാഷ് അവാർഡുകളും സമ്മാനിക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രദർശന മത്സരവും സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന കബഡി അസോസിയേഷൻ സെക്രട്ടറി കെ. വിജയകുമാർ, മത്സരങ്ങളുടെ ഡയറക്ടർ ജെ. ഉദയകുമാർ, ബേബിജോൺ എന്നിവരും പങ്കെടുത്തു.