ചിന്നക്കട ഉൾപ്പെടെ ആറ് കേന്ദ്രങ്ങളിൽ ഒരു മണിക്കൂർ ഉപരോധം
കൊല്ലം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രൂപീകരിച്ച ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ചിന്നക്കട ഉൾപ്പെടെ ജില്ലയിൽ ആറ് പ്രധാന കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു.
ചിന്നക്കടയ്ക്ക് പുറമെ പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, കൊട്ടാരക്കര പുലമൺ, കന്നത്തൂർ ഭരണിക്കാവ്, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ 12 വരെയായിരുന്നു ഉപരോധം. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങളെയൊന്നും പ്രതിഷേധക്കാർ കടത്തിവിട്ടില്ല. ചിന്നക്കട റൗണ്ടിൽ നാല് പ്രധാന റോഡുകളിലെയും ഗതാഗതം തടഞ്ഞായിരുന്നു ഉപരോധം. പുതിയകാവ് ക്ഷേത്രം, റസിഡൻസി റോഡ്, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ,കൊല്ലം- ചെങ്കോട്ട റോഡ് എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രകടനമായെത്തിയാണ് ചിന്നക്കടയിൽ ഉപരോധം നടത്തിയത്.
തുടർന്ന് ചേർന്ന സമ്മേളനം ശബരിമല മുൻ മേൽശാന്തി ബാലമുരളി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് വിഭാഗ് കാര്യകാര്യ സദസ്യൻ വി. മുരളീധരൻ, അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി ആർ. രാജേന്ദ്രൻ, ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗോപകുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി വേണു, നഗരസഭാ കൗൺസിലർ ബി. ഷൈലജ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ശൈലേന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. അയ്യപ്പ കീർത്തനങ്ങളും ശരണ മന്ത്രങ്ങളും ഉരുവിട്ടാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഒരു മണിക്കൂറോളം നിരത്തിൽ കുത്തിയിരുന്നത്.