phone

കൊല്ലം: മൊബൈൽ ഫോൺ മാതൃകയിൽ പ്രീപെയ്ഡ് ലാൻഡ് ഫോണുമായി ബി.എസ്.എൻ.എൽ വിപ്ളവത്തിനൊരുങ്ങുന്നു. മൊബൈൽ ഫോണുകൾ വ്യാപകമായതോടെ സ്വീകാര്യത കുറഞ്ഞ ലാൻഡ്ഫോണുകളെ വീണ്ടും ജനകീയമാക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട എക്സ്ചേഞ്ചുകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള പരീക്ഷണം പുരോഗമിക്കുകയാണ്. നെക്‌സ്‌റ്റ് ജനറേഷൻ നെറ്റ്‌വർക്ക് (എൻ.ജി.എൻ) സംവിധാനമുള്ള എക്സ്ചേഞ്ചുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. നിലവിൽ ലാൻഡ് ഫോൺ ഉള്ളവർക്ക് പുതിയ സംവിധാനത്തിലേക്ക് മാറാനാകില്ല.

സംവിധാനം ഇങ്ങനെ

പ്രീപെയ്ഡ് ലാൻഡ് ഫോൺ അപേക്ഷകർക്ക് രജിസ്ട്രേഷൻ, ഇൻസ്‌റ്റലേഷൻ, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വേണ്ട. ഫോൺ സ്വന്തമായി വാങ്ങാം. ബി.എസ്.എൻ.എൽ ഫോണിന് 625 രൂപ നൽകണം. 200 രൂപയ്ക്ക് ഫോൺ ആക്‌ടിവേറ്റ് ചെയ്‌താൽ 30 ദിവസ കാലാവധിയുള്ള സ്‌പെഷ്യൽ താരിഫ് വൗച്ചർ കാർഡ് ലഭിക്കും. ഇന്ത്യയിൽ എവിടെയും വിളിക്കാം.

30 ദിവസം കഴിഞ്ഞ് കാർഡ് വീണ്ടും ആക്‌ടിവേറ്റ് ചെയ്യണം. ഒരു ദിവസത്തേക്ക് നിരക്ക് 11 രൂപ (അൺലിമിറ്റഡ്). 2 ദിവസം-19 രൂപ, 7 ദിവസം- 49 രൂപ, 15 ദിവസം-99 രൂപ, 30 ദിവസം-199 രൂപ. ആദ്യം 200 രൂപയ്ക്ക് ചാർജ് ചെയ്‌തിട്ട് ഒരുമാസ കാലാവധിക്ക് ശേഷം 199 രൂപയ്ക്ക് ചാർജ് ചെ‌യ്‌താൽ വീണ്ടും ഒരുമാസം കൂടി വിളിക്കാം. ആദ്യത്തെ ഒരുമാസം കഴിഞ്ഞ് 10 രൂപയ്ക്ക് ടോപ്പപ്പ് ചെ‌യ്‌താൽ 10 രൂപയ്ക്ക് വിളിയ്ക്കാം. 20 രൂപ മുതൽ 200 രൂപവരെയുള്ള താരിഫ് ഉണ്ട്.

പ്രത്യേകതകൾ

 ഫോൺ വാടക ഇല്ല (നിലവിൽ പ്രതിമാസ വാടക നഗരങ്ങളിൽ 240 രൂപ, ഗ്രാമങ്ങളിൽ 180 രൂപ. ഞായറാഴ്ചകളിൽ 24 മണിക്കൂറും മറ്റു ദിവസങ്ങളിൽ രാത്രി 10.30 മുതൽ രാവിലെ 6 വരെയും കോൾ സൗജന്യമാണ്). മൊബൈൽ ഫോൺ പോലെ യഥേഷ്‌ടം വിളിക്കാം