 ബാങ്കുകൾ തയ്യാറാക്കുന്ന പദ്ധതി സർക്കാരിന് സമർപ്പിക്കും

കൊല്ലം: തകർച്ചയിലായ കശുഅണ്ടി വ്യവസായത്തിന്റെ അതിജീവനത്തിന് പദ്ധതികൾ തയ്യാറാക്കാൻ ജില്ലയിലെ ബാങ്കുകളുടെ സംഗമത്തിൽ ധാരണ. ബാങ്കുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന രൂപരേഖ സർക്കാരിന് സമർപ്പിക്കും. സർക്കാരിന്റെ സഹായം കൂടി ലഭിച്ചാൽ പദ്ധതി പ്രാവർത്തികമാക്കാൻ തടസമുണ്ടാകില്ല.
അതിജീവന പദ്ധതിയുടെ രൂപരേഖ ജില്ലയിലെ ലീഡ് ബാങ്കായ ഇന്ത്യൻ ബാങ്ക് തയ്യാറാക്കും. കശുഅണ്ടി വ്യവസായത്തിനായി നൽകിയ ലോണുകളിലെ കിട്ടാക്കടം ലഭിക്കാതെ നഷ്‌ടം സഹിച്ച് ബാങ്കുകൾക്ക് അധികകാലം മുന്നോട്ട് പോകാനാവില്ല. എന്നാൽ കിട്ടാക്കടം പിരിക്കാനുള്ള നീക്കം മറ്റ് വിഷയങ്ങൾക്ക് വഴിയൊരുക്കാനുള്ള സാദ്ധ്യതയുമുണ്ട്. വിഷയത്തിന് പരിഹാരമുണ്ടാക്കാൻ കൃത്യമായ സർക്കാർ ഉത്തരവ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക് മാനേജർ സൂരജ് മേനോൻ, ലീഡ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ്, ലീഡ് ബാങ്ക് ജില്ലാ മാനേജർ പത്മകുമാർ, കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ആർ.കെ. ഭൂതേഷ് എന്നിവർ പങ്കെടുത്തു.

 യോഗത്തിന്റെ പ്രധാന വിലയിരുത്തലുകൾ

1- ഉത്പാദന ചിലവിന്റെ വൻതോതിലുള്ള വർദ്ധന കശുഅണ്ടി വ്യവസായത്തിന് തിരിച്ചടിയായി. യന്ത്രവത്കരണം നടപ്പാക്കി ഉത്പാദന ചെലവ് കുറയ്ക്കാനുള്ള ശ്രമം നടത്താതിരുന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു

2- തോട്ടണ്ടി പ്രാദേശികമായി ഉത്പാദിപ്പിക്കാനും സംഭരിക്കാനും കഴിയാതെ ആഫ്രിക്കയിൽ നിന്ന് 60 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നത് നഷ്ടം വർദ്ധിപ്പിച്ചു

3-യന്ത്രവത്കരണം നടപ്പിലാക്കിയ വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കശുഅണ്ടിപരിപ്പ് കേരളത്തിന്റെ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു

4-കഴിഞ്ഞ നാല് വർഷത്തിനിടെ ലാഭം നേടിയ വ്യവസായികൾ വളരെ കുറവ്. കശുഅണ്ടി വ്യവസായത്തിന് ലോൺ നൽകിയതിലൂടെ ലഭിക്കാനുള്ള കിട്ടാക്കടം കോടികളായി ഉയർന്നു

5-കശുഅണ്ടി വ്യവസായത്തിന് ലോൺ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബാങ്കുകളുടെ നിലപാട് മാറ്റത്തിന് ഇത് കാരണമായി.