എം.എൽ.എ ഓഫീസിലേക്ക് കോൺഗ്രസ്, ആർ.എസ്.പി പ്രവർത്തകരുടെ മാർച്ച്
കൊല്ലം: \'മീ ടു" കാമ്പെയിനിൽ ആരോപണ വിധേയനായ എം. മുകേഷ് എം.എൽ.എയ്ക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധം ശക്തമാക്കി. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് എം.എൽ.എ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
മുകേഷിന്റെ രാജി ആവശ്യപ്പെടാൻ സി.പി.എം തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. നിജസ്ഥിതി വെളിപ്പെടുത്താതെ പൊതുസമൂഹത്തെ അവഹേളിക്കുകയാണ് മുകേഷെന്നും അവർ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി അദ്ധ്യക്ഷത വഹിച്ചു. കെ.സി.രാജൻ, ജി. പ്രതാപവർമ്മതമ്പാൻ, കെ. സുരേഷ് ബാബു, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എസ്. ശോഭ തുടങ്ങിയവർ പ്രസംഗിച്ചു. ആനന്ദവല്ലീശ്വരത്ത് നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റ് വഴി എം.എൽ.എ ഓഫീസിന് സമീപം എത്തിയപ്പോൾ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എം.എൽ.എയുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു.
എം.മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസി ജോൺ, ടി.കെ. സുൽഫി, ആർ. അജിത്കുമാർ, എം.എസ്. ഗോപകുമാർ, രാജശേഖരൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രസംഗിച്ചു. ആനന്ദവല്ലീശ്വരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്.