കൊല്ലം: ബ്രൂവറി വിവാദത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ സുരക്ഷ തേടി പൊലീസ് സ്റ്റേഷനിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 2ന് ദേശീയപാതയിൽ നീണ്ടകരയിലായിരുന്നു പ്രതിഷേധം. ചവറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ പുതിയ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് മന്ത്രിയെത്തിയത്. പൈലറ്റ് വാഹനം കടന്ന് പോയ ഉടൻ 20 അംഗ യൂത്ത് കോൺഗ്രസ് സംഘം മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടി വീണു. ഉടൻ തന്നെ മന്ത്രിയുടെ വാഹനം ദേശീയപാതയിലൂടെ തന്നെ തിരികെ മൂന്ന് കിലോമീറ്റർ അകലെയുള്ള ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി. മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല. ചവറ സി.ഐ ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകാതെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി. 20 മിനിട്ടിന് ശേഷം വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ മന്ത്രിയെ ഉദ്ഘാടന വേദിയിലെത്തിച്ചു.