ചാത്തന്നൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രകടനവും ദേശീയപാത ഉപരോധവും നടത്തി. തിരുമുക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ദേശീയ പാതയിലൂടെ ടൗൺ ചുറ്റിയ ശേഷമായിരുന്നു ഉപരോധം. ബി.ജെ.പി.സംസ്ഥാന സമിതി അംഗം ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ശബരിമല വിധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ ഇടതുസർക്കാർ നല്കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിധി ഉണ്ടായത്.വിധിക്ക് സംസ്ഥാനസർക്കാർ മാത്രമാണ് ഉത്തരവാദി. ത്രിപുരയിലും ബംഗാളിലും അവിടുത്തെ സംസ്കാരത്തെയും പാരമ്പര്യവും ഇല്ലാതാക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റുകൾക്ക് ഒരു പഞ്ചായത്ത് മെമ്പറെപ്പോലും മത്സരിപ്പിക്കാനുള്ള രാഷ്ട്രീയ ശക്തി നഷ്ടപ്പെട്ടു. അതേ അനുഭവം കേരളത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് ജില്ലാ കാര്യവാഹ് എം. പ്രശാന്ത്, വിഭാഗ് സേവാപ്രമുഖ് മീ നാട് ഉണ്ണി, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠൻ, അയ്യപ്പ സേവാസമാജം ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വസന്ത ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ വാളത്തുംഗൽ അശോകൻ, മഹിളാ ഐക്യവേദി സംസ്ഥാന ഖജാൻജി പ്രസന്ന ഉണ്ണികൃഷ്ണൻ,ബി.ജെ.പി നിയോജക മണ്ഡലം ഭാരവാഹികളായ സുനിൽകുമാർ, എസ്. പ്രശാന്ത്, അനിൽ പൂയപ്പള്ളി, ജി. അശോകൻ, എസ്. സുനുഷ്‌കുമാർ, കണ്ണൻ, ഉണ്ണി കളിയാക്കുളം തുടങ്ങിയവർ നേതൃത്വം നല്കി. ഉപരോധത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.