കുണ്ടറ: രാത്രിയുടെ മറവിൽ നാലംഗസംഘം വീടാക്രമിച്ചതായി പരാതി. ചിറ്റുമല ക്ഷീരസംഘത്തിന് സമീപം ചെമ്പകശേരി മഠത്തിൽ ബാബുവിന്റെ വീട്ടിലാണ് 9ന് രാത്രി 12 മണിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ പരിക്കേറ്റ ബാബുവിന്റെ ഭാര്യ ശ്രീദേവിയെ കാഞ്ഞിരക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകൻ അഖിലിന് പട്ടാളത്തിൽ ജോലി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു ഏജൻസി കബളിപ്പിച്ചതായും പണം തിരികെ ചോദിച്ച ബാബുവിനെയും (48)മകൻ അഖിലിനെയും(19) കഴിഞ്ഞ മാർച്ച് 27ന് ഏജൻസിയുടെ ഓഫീസിൽ വച്ച് മർദ്ദിച്ചതായും വീട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഇവരുടെ ആരോപണം. സംഭവദിവസം രാത്രി 9.30ഓടെ ബാബുവിന്റെ ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയതായും പറയുന്നു. ഇതിന് ശേഷമാണ് ആക്രമണമുണ്ടായത്.

വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിൽ കിടന്ന വീട്ടുപകരണങ്ങളും അക്രമികൾ അടിച്ചു തകർത്തു. ചില്ല് തെറിച്ചാണ് ശ്രീദേവിക്ക് പരിക്കേറ്റത്. ബഹളം കേട്ട് അയൽക്കാർ ലൈറ്റ് ഇട്ടതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ ശ്രീദേവിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കിഴക്കേകല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.