കൊല്ലം: തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും ഇത് നടപ്പാക്കാൻ കടമ്പകൾ ഇനിയും ഏറെ ചാടിക്കടക്കണം. പദ്ധതി നടപ്പാക്കുമ്പോൾ മൂന്ന് ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഇവിടെ ലഭിക്കും. എന്നാൽ മൂന്ന് ഡോക്ടർമാർക്കുള്ള പരിശോധനാ മുറികൾ ഇവിടെ ഒരുക്കിയിട്ടില്ല.
ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങളിൽ ഒന്ന് ഹോമിയോ ഡിസ്പൻസറിയ്ക്ക് വിട്ടുനൽകിയത് തിരികെയെടുക്കുന്നതിനും ഏറെ തടസങ്ങളുണ്ട്. നിലവിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചാലേ പദ്ധതി നടപ്പാക്കാൻ കഴിയൂ. 80 സെന്റ് സ്ഥലമാണ് ആരോഗ്യ കേന്ദ്രത്തിന് ഉള്ളത്. ഇതിലെ കെട്ടിടങ്ങളിൽ മതിയായ സൗകര്യങ്ങളില്ല. കൂടുതൽ ഡോക്ടർമാരും അനുബന്ധ സേവനങ്ങളും എത്തുന്നതോടെ രോഗികളുടെ എണ്ണവും കൂടും. ഇതെല്ലാം മുന്നിൽക്കണ്ടുള്ള നിർമ്മാണം അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇന്ന് ചേരുന്ന ഗ്രാമപഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
ആരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ ഒരു ഡോക്ടറാണ് ഉള്ളത്. എൻ.ആർ.എച്ച്.എമ്മിൽ നിന്നുള്ള ഒരു നഴ്സും നഴ്സിംഗ് അസിസ്റ്റന്റും ഫാർമസിസ്റ്റും ഇവിടെയുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ അടക്കം 12 ഫീൽഡ് സ്റ്റാഫുകളുമുണ്ട്. എന്നാൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതോടെ സ്റ്റാഫ് പാറ്റേൺ അടിമുടി മാറും. ഇതിനുള്ള ഭൗതിക സാഹചര്യം ഒരുക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കേണ്ടതുണ്ട്. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥകൾ അക്കമിട്ട് നിരത്ത് \' തൃക്കരുവ പി.എച്ച്.സിക്ക് വേണം മേജർ സർജറി\' എന്ന തലക്കെട്ടിൽ 8ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ പരിശോധനാ മുറിയൊരുക്കും
ആർദ്രം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ കൂടുതൽ ഡോക്ടർമാർ എത്തും. ഇവർക്കുള്ള പരിശോധനാ മുറികൾ നിലവിലില്ല. ഇത് ഒരുക്കുന്നതിന് പഞ്ചായത്ത് അടിയന്തര നടപടി കൈക്കൊള്ളും.
(കെ.ചന്ദ്രശേഖരൻ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)