കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. ചവറ - ഇളമ്പള്ളൂർ റൂട്ടിലോടുന്ന ബസിന്റെ കണ്ടക്ടർ കൊല്ലം ഉളിയക്കോവിൽ വൃന്ദാവൻ നഗർ 121 കാഞ്ഞിരത്തുംവീട്ടിൽ വിനുവിജയനെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകോട് സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കെവിൻ ജോണിന് (16) ആണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് 5ന് മൂന്നാംകുറ്റി ജംഗ്ഷനിലായിരുന്നു സംഭവം. കരിക്കോട് നിന്ന് ബസിൽ നിന്ന് കയറിയ കെവിൻ സുഹൃത്തിന്റെ കയ്യിൽ നിന്ന് ബുക്ക് വാങ്ങുന്നതിനാണ് മൂന്നാം കുറ്റിയിൽ ഇറങ്ങാൻ ശ്രമിച്ചത്. മൂന്നാം കുറ്റി ജംഗ്ഷനിൽ നിന്ന് ബസിൽ കയറാൻ വിദ്യാർത്ഥികൾ കാത്ത് നിൽക്കുന്നത് കണ്ട കണ്ടക്ടർ ഒരുത്തനും കയറണ്ടെന്ന് ആക്രോശിച്ച് പാഞ്ഞെത്തി ഡോറടച്ചു. ഇതിനിടെ കെവിൻ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. കെവിന്റെ തോളിൽ കിടന്ന ബാഗ് ഡോറിൽ കുടുങ്ങി കിടന്നതിനാൽ കെവിനെയും വലിച്ചിഴച്ചാണ് ബസ് മുന്നോട്ട് നീങ്ങിയത്. കണ്ടക്ടർ ഡോറിൽ കുടുങ്ങി കിടന്ന ബാഗ് എടുത്ത് മാറ്റിയെങ്കിലും ബസ് നിറുത്താൻ തയ്യാറായില്ല. വിവരമറിഞ്ഞെത്തിയ പിതാവ് കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ബസ് ജീവനക്കാർ തയ്യാറായില്ല. തുടർന്ന് യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ ബസ് തടഞ്ഞുനിറുത്തി വിനു വിജയനെ അറസ്റ്റ് ചെയ്യുകയായിരുന്നു.