കൊല്ലം: അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയതിന്റെ 125-ാം വാർഷികം 'സ്മൃതിപഥം" എന്ന പേരിൽ കേരള പുലയർ മഹാസഭയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 യൂണിയൻ കേന്ദ്രങ്ങളിലും ആഘോഷിക്കുമെന്ന് ജില്ലാ കമ്മിറ്രി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 5 ന് വൈകിട്ട് 3 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ സാംസ്‌കാരിക ഘോഷയാത്രയും 5 മുതൽ സാംസ്കാരിക സമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ 10 മുതൽ ശാസ്‌താംകോട്ട ജമിനി ഹൈറ്ര്‌സിൽ ജില്ലാ കൗൺസിൽ ചേരും. പരിപാടിയുടെ പ്രചാണാർത്ഥം എല്ലാ യൂണിയനുകളിലും 27, 28 തീയതികളിൽ വിളംബരജാഥ നടത്തും. നവംബർ 5ന് വൈകിട്ട് 3 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ വില്ലു വണ്ടി, ചെണ്ട, ബാന്റ്മേളം, പഞ്ചാരിമേളം, നാടൻ കലാരൂപങ്ങൾ, പൂക്കാവടി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ മഹാസഭാ പ്രവർത്തകർ അണിനിരക്കുന്ന സാംസ്കാരിക ഘോഷയാത്രയും വൈകിട്ട് 5 മുതൽ സാംസ്കാരിക സമ്മേളനവും നടത്തും.
പത്തനാപുരം യൂണിയനിൽ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. കെ.ബി. ഗണേശ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പുനലൂരിൽ മന്ത്രി കെ. രാജു, കൊട്ടാരക്കരയിൽ ബിനോയ് വിശ്വം എം.പി, വെളിയത്ത് മുല്ലക്കര രത്നാകരൻ എം.എൽ.എ, ചാത്തന്നൂരിൽ ജി.എസ് .ജയലാൽ എം.എൽ.എ, കൊല്ലത്ത് എം.മുകേഷ് എം.എൽ.എ, ചവറ - ശാസ്‌താംകോട്ട യൂണിയനുകളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രൻ എം.എൽ.എ, കുന്നത്തൂരിൽ ചിറ്രയം ഗോപകുമാർ എം.എൽ.എ, കുണ്ടറ-പെരിനാട് യൂണിയനിൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എൽ.രാജൻ, സെക്രട്ടറി എൻ.ബിജു, ട്രഷറർ എം.ജെ ഉത്തമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.