കേരളപ്പിറവി മുതൽ ഫെയർ മീറ്ററും സിറ്റി പെർമിറ്റും
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

കൊല്ലം: സിറ്റി പെർമിറ്റും ഫെയർ മീറ്ററും ഇല്ലാത്ത ഓട്ടോറിക്ഷകൾക്ക് കേരളപ്പിറവി ദിനം മുതൽ നഗരത്തിൽ നിരോധനം. നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകളെ ഏകീകരിച്ച് സിറ്റി പെർമിറ്റ് നൽകാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ശ്രമം അവസാന ഘട്ടത്തിലാണ്. മേയ് മാസം വരെ നഗരത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഓട്ടോകൾക്ക് സിറ്റി പെർമിറ്റ് നൽകി. ജൂൺ, ജൂലായ് മാസങ്ങളിൽ രജിസ്റ്റർ ചെയ്ത ഓട്ടോകൾ 17നും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ ഓട്ടോകൾ 24നും ആശ്രാമം മൈതാനിയിലെത്തിച്ച് സിറ്റി പെർമിറ്റ് എടുക്കണം.

നവംബർ ഒന്നിന് ശേഷം പുറത്ത് നിന്ന് യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകൾ നഗരത്തിനുള്ളിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുവദിക്കില്ല. മോട്ടോർ വാഹന വകുപ്പ് 16 മുതൽ സംഘടിപ്പിക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിൽ ഡ്രൈവർമാരെ നിർബന്ധമായും പങ്കെടുപ്പിക്കും. മോട്ടോർ വാഹന നിയമങ്ങൾ, പ്രഥമ ശുശ്രൂഷ, ട്രോമാ കെയർ എന്നിവയാണ് പഠന വിഷയങ്ങൾ. ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടാത്ത ഡ്രൈവർമാർ യാത്രക്കാരുമായി സർവീസ് നടത്തിയാൽ നടപടിയുണ്ടാകും.

 പരാതികളിൽ നടപടി വൈകില്ല

ഡ്രൈവർമാരുടെ മോശം പെരുമാറ്റം,അമിത ചാർജ് എന്നിവയ്ക്ക് ടെലിഫോണിലൂടെ പരാതി നൽകാം. 8547639089, 8281786078 എന്നീ നമ്പരുകളിൽ പരാതി വിളിച്ചറിയിക്കുകയും 8547639102 നമ്പരിൽ ചിത്രങ്ങളും വീഡിയോകളും സഹിതം വാട്ട്സ് ആപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യാം. പൊലീസിന്റെ സഹകരണത്തോടെ ഉടനടി നടപടിയുണ്ടാകും.

ഫെയർ മീറ്റർ നിർബന്ധം

നവംബർ ഒന്നു മുതൽ ഫെയർ മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോകൾ പിടിച്ചെടുക്കും.സ്റ്റാൻഡ് പെർമിറ്റ് ഇല്ലാതാകുന്നതിനാൽ ഏത് സ്റ്റാൻഡിൽ നിന്നും ഓട്ടോകൾക്ക് സർവീസ് നടത്താം. റെയിൽവെ സ്റ്റേഷനിൽ നിന്ന് കളക്ടറേറ്റിലേക്ക് പോകുന്ന ഓട്ടോയ്ക്ക് ആളെ ഇറക്കിയ ശേഷം അവിടത്തെ സ്റ്റാൻഡിൽ യാത്രക്കാരെ കാത്ത് കിടക്കാം.

ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 20 രൂപ

സഞ്ചരിക്കാവുന്ന ദൂരം: 1.5 കിലോമീറ്റർ

ഓരോ ഒരു കിലോമീറ്ററിനും 10 രൂപ വീതം അധികം

ഓട്ടോറിക്ഷകളുടെ എല്ലാവശത്തും സിറ്റി പെർമിറ്റ് നമ്പർ

കെ.സി എന്ന കോഡിനൊപ്പമുള്ളതാണ് പെർമിറ്റ് നമ്പർ

പരാതികളുണ്ടെങ്കിൽ ഈ നമ്പർ മാത്രം ഓർത്തിരിക്കുക

ഡ്രൈവറുടെ എല്ലാ വിവരങ്ങളും അധികൃതർക്ക് കണ്ടെത്താം

 നഗരത്തിനുള്ളിൽ 5000 ഓട്ടോകൾക്ക് പെർമിറ്റ് നൽകും

നവംബർ ഒന്നു മുതൽ സിറ്റി പെർമിറ്റും ഫെയർ മീറ്ററും നിർബന്ധമാക്കും. മീറ്ററില്ലാത്ത ഓട്ടോകൾ പിടിച്ചെടുക്കും.അപമര്യാദയായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാകും.

സജിത്.വി, കൊല്ലം ആർ. ടി. ഒ