പുനലൂർ: പുലിയെ പേടിച്ചു കഴിയുകയാണ് പുനലൂരിലെ മലയോരവാസികൾ. . പാട്ടാപ്പകൽ പോലും പുലി നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നു. തെന്മല പഞ്ചായത്തിലെ കുറവൻതാവളത്ത് ഇന്നലെ പുലർച്ചെ ഇറങ്ങിയ പുലി എസ്റ്റേറ്റ് സൂപ്പർ വൈസറായ വിജയൻപിളളയുടെ പശുക്കിടാവിനെ കടിച്ചുകൊന്നു. റബർതോട്ടത്തിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു രണ്ട് വയസുളള കിടാവിനെ. എസ്റ്റേറ്റ് ലയത്തിന് സമീപത്തെ റോഡിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് പുലിതിന്ന നിലയിൽ പശുക്കിടാവിനെ കണ്ടത്. വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന മാമ്പഴത്തറ, കുറവൻതാവളം അടക്കമുളള പ്രദേശങ്ങളിൽ പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്നത് പതിവ് സംഭവമായി മാറിയിട്ട് വർഷങ്ങളായി. വനപാലകരോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യം വർദ്ധിച്ചിട്ടു വർഷങ്ങൾ പിന്നിടുകയാണ്. ആര്യങ്കാവ്, മുരുകൻപാഞ്ചാൽ,കോട്ടവാസൽ, ആനച്ചാടി, വെഞ്ച്വർ, ഇരുളൻകാട്, നെടുമ്പുാറ, 27മല, ഇടപ്പാളയം, തെന്മല, ഒറ്റക്കൽ , ഒറ്റക്കൽ പുളിമുക്ക്, റെയിൽവേസ്റ്റേഷൻ, പാറക്കടവ്, ആനപെട്ടകോങ്കൽ തുടങ്ങിയ ജനവാസ മേഖലകളിൽ പുലിയുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്.. ജനവാസ മേഖലിൽ പോലും പട്ടാപ്പകൽ പുലി ഇറങ്ങുന്നതോടെ താമസക്കാർ കടുത്ത ഭീതിയിലാണ്. ജനസാന്ദ്രതയേറിയ ഇടമൺ-34 ലെ തേക്കുംകൂപ്പിൽ മൂന്ന് ദിവസം മുമ്പ് പുലി ഇറങ്ങി. പുലർച്ചെ ടാപ്പിംഗ് തൊഴിലാളി നസീർ പുലിയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പുലിക്കൂട് സ്ഥാപിച്ച് ജനങ്ങളുടെ ഭീതിയ അകറ്റാൻ വനം വകുപ്പ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുളള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് ഗ്രാമവാസികൾ.