accident-death

ചാത്തന്നൂർ: ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് ആറ്റിൽ കമിതാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പരവൂർ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടിൽ മോഹനൻ പിള്ള- ലീല ദമ്പതികളുടെ മകൻ മനു (26), പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ ഷംസുദ്ദീൻ- ഷെമീമ ദമ്പതികളുടെ മകൾ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി 9 മണിയോടെ പാലത്തിൽനിന്ന് ഒരു സ്കൂട്ടറും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും വിവാഹം രജിസ്റ്റർ ചെയ്യാനായി പണം അടച്ചതിന്റെ രസീതും മൂവായിരത്തോളം രൂപയും കണ്ടെടുത്തിരുന്നു. മനുവിന്റെയും സുറുമിയുടെയും വിലാസങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും, ഇരുവരും ആറ്റിൽ ചാടിയതായി സ്ഥിരീകരിച്ചിരുന്നില്ല. രാവിലെ ചാത്തന്നൂർ, പരവൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഫയർഫോഴ്സും സ്കൂബ സ്ക്വാഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച വിഷ്ണുവിന്റെ ഭാര്യയാണ് സുറുമി. പെയിന്റിംഗ്‌ തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തുപോയ സുറുമി ഉച്ചയോടെ തിരിച്ചെത്തി സർട്ടിഫിക്കറ്റുകൾ എടുത്തു കൊണ്ടുപോയതായും ബന്ധുക്കൾ പറഞ്ഞു. സുറുമിയുടെ മകൻ വൈഷ്ണവ് (4). മനുവിന്റെ സഹോദരൻ ബിനു.