കൊല്ലം: അടുത്തടുത്ത ദിവസങ്ങളിൽ കമിതാക്കളായ നാലുപേർ ഒരേ രീതിയിൽ ജീവനൊടുക്കിയ സംഭവം കൊല്ലത്തിന് തീരാവേദനയായി. ചൊവ്വാഴ്ച പ്ളസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ പരവൂർ കലയ്ക്കോട് കിളിമുക്കം പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതിന്റെ നടുക്കം മാറും മുമ്പേയാണ് ബുധനാഴ്ച രാത്രിയോടെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപം വീണ്ടും രണ്ടുപേർ ആറ്റിൽ ചാടിയതായി സംശയം ഉയർന്നത്. ഇന്നലെ ഇവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

ചാത്തന്നൂർ, പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ് മരിച്ച നാലുപേരും. ഒരേ രീതിയിലുള്ള മരണത്തിന്റെ തുടർനടപടികളിൽ ഏർപ്പെട്ട പൊലീസുകാരും ഇത്തരമൊരു സാഹചര്യം നേരിട്ടതായി ഓ‌ർമ്മയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. പരവൂർ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടിൽ മോഹനൻ പിള്ള- ലീല ദമ്പതികളുടെ മകൻ മനു (26), പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ ഷംസുദ്ദീൻ- ഷെമീമ ദമ്പതികളുടെ മകൾ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്. അയൽവാസികളായ പ്ളസ് ടു വിദ്യാർത്ഥികളാണ് ചൊവ്വാഴ്ച പരവൂർ കായലിൽ ചാടി ജീവനൊടുക്കിയത്‌. വ‌ടക്കേ മൈലക്കാട് ലിബിൻ മന്ദിരത്തിൽ തങ്കച്ചൻ- ലീന ദമ്പതികളുടെ മകളും ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുമായ ലിൻസി (17), ശിവശൈലത്തിൽ വിജയൻപിള്ള- ശോഭ ദമ്പതികളുടെ മകനും ആദിച്ചനല്ലൂർ എ.പി.എച്ച്.എസ്.എസ് വിദ്യാർത്ഥിയുമായ വിച്ചു (17) എന്നിവരാണ് മരിച്ചത്. ലിൻസിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും വിച്ചുവിന്റെ മൃതദേഹം ബുധനാഴ്ചയും കണ്ടെത്തി.

ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം വീട്ടുകാർ എതിർത്തതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെ ഇത്തിക്കര കൊച്ചുപാലത്തിന് മുകളിൽ ഒരു സ്കൂട്ടറും പാസ്പോർട്ടും, തിരിച്ചറിയൽ രേഖകളും കണ്ടെത്തിയെങ്കിലും സ്കൂട്ടറിൽ എത്തിയവർ ആറ്റിൽ ചാടിയതായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്നലെ രാവിലെ ചാത്തന്നൂർ, പരവൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഫയർഫോഴ്സും സ്കൂബ സ്ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മനുവിന്റെയും സുറുമിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സുറുമിയുടെ മരണത്തോടെ അനാഥനായി മാറിയ മകൻ.വൈഷ്ണവ് (4) വിഷ്ണുവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലാണ്.