കൊല്ലം: ശാസ്താംകോട്ടയിലെ ശല്യക്കാരായ ചന്തക്കുരങ്ങുകളെ പിടികൂടി വനത്തിൽ വിടാൻ പൊതു ധാരണയായി. ഇന്നലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. അമ്പതിൽപ്പരം കുരങ്ങുകളാണ് ശാസ്താംകോട്ടയിൽ ശല്യക്കാരായി ഉള്ളത്. കാർഷിക വിളകൾ നശിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും കയറി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുക, കുടിവെള്ള ടാങ്കുകളുടെ മൂടി മാറ്റിയശേഷം ഇറങ്ങിക്കുളിക്കുക, വഴിയാത്രക്കാരുടെ ബാഗും മറ്റും തട്ടിയെടുക്കുക തുടങ്ങി കുരങ്ങിന്റെ ശല്യം രൂക്ഷമായിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി 'ശാസ്താംകോട്ടയ്ക്ക് ശാപമായി ചന്തക്കുരങ്ങുകൾ' എന്ന തലക്കെട്ടിൽ 4ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചന്തക്കുരങ്ങുകളെ പിടികൂടി കാട്ടിൽ വിടണമെന്ന് കാട്ടി പഞ്ചായത്ത് കമ്മിറ്റി നേരത്തേതന്നെ പ്രമേയം പാസാക്കി വനംവകുപ്പ് മന്ത്രിക്ക് നൽകിയിരുന്നു. വിവിധ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് മുൻകൈയെടുത്ത് ഇന്നലെ യോഗം വിളിച്ചുകൂട്ടിയത്. വർഷങ്ങൾക്ക് മുമ്പ് ചന്തക്കുരങ്ങുകൾ ശല്യക്കാരായി മാറിയപ്പോൾ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് 104 കുരങ്ങുകളെ പിടികൂടി ശെന്തുരുണി വനത്തിൽ വിട്ടിരുന്നു. അന്ന് ഡൽഹിയിൽ നിന്ന് വാതാവരൺ സംഘമെത്തിയാണ് ഏറെ ശ്രമകരമായി കുരങ്ങുകളെ പിടിച്ചത്. ആ നിലയിൽ വാതാവരൺ സംഘത്തെ ഇനിയുള്ള ദൗത്യവും ഏൽപ്പിക്കണമെന്നും യോഗത്തിൽ ചർച്ചയുണ്ടായി. എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി വിഷയം ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് വനം വകുപ്പിന്റെ കോന്നി റേഞ്ച് ഓഫീസർ സലിംരാജ് യോഗത്തിൽ അറിയിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ശിവശങ്കര പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ദിലീപ് കുമാർ, മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്ത കെ.കരുണാകരൻ പിള്ള, ഡോ.കമലാസനൻ, ഫോറസ്റ്റർ ഷാജി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.