സർക്കാർ അനുവദിച്ച തുക: 50 ലക്ഷം
നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി
കൊല്ലം: ചിരകാലാഭിലാഷമായ മയ്യനാട് മേൽപ്പാലത്തിന് റെയിൽവേയും സംസ്ഥാന സർക്കാരും പച്ചക്കൊടി വീശിയെങ്കിലും നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ വൈകുന്നു. 50 ലക്ഷം രൂപയാണ് മേൽപ്പാലം നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ നീക്കിവെച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മേൽപ്പാലത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആർ) തയ്യാറാക്കി ജൂൺ 29 ന് കിഫ്ബിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ കിഫ്ബി ഭേദഗതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്തംബർ 22ന് പുതിയ റിപ്പോർട്ട് സമർപ്പിച്ചു.
പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സ്ഥലമേറ്റെടുത്ത് ടെൻഡർ നടത്തി നിർമ്മാണം ആരംഭിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. മയ്യനാട് റെയിൽവെ മേൽപ്പാലം നിർമ്മിക്കാൻ അടിയന്തര നടപടി വേണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി 2016 ഡിസംബറിൽ പാർലമെന്റിലും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മേൽപ്പാലം നിർമ്മാണത്തിന് റെയിൽവേ അനുമതി നൽകിയതും സംസ്ഥാന സർക്കാർ ബജറ്റിൽ തുക നീക്കിവച്ചതും. മയ്യനാട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനാണ് റെയിൽവെ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പിയെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചത്.
മയ്യനാടിന് പുറത്തേക്കുള്ള വഴിയാകും
മൂന്ന് വശവും കായലുകളാൽ ചുറ്റപ്പെട്ട മയ്യനാടിന്റെ റോഡ് ഗതാഗതത്തിന്റെ സാദ്ധ്യതകൾ അടച്ചത് റെയിൽവെ ഗേറ്റാണ്. പഞ്ചായത്തിന്റെ മദ്ധ്യഭാഗത്ത് കൂടി റെയിൽപാത പോകുന്നതിനാൽ പണയിൽ മുക്കിനും ചന്തമുക്കിനും ഇടയിലുള്ള റെയിൽവെ ഗേറ്റ് അടയ്ക്കുമ്പോൾ മയ്യനാട് ഒറ്റപ്പെടും. ട്രെയിനുകൾ കടന്ന് പോകാനായി 20 മിനിട്ടിലേറെയാണ് ഗേറ്റ് അടച്ചിടുന്നത്. സാങ്കേതിക കാരണങ്ങളാൽ ഗേറ്റ് തുറക്കാൻ കഴിയാതെ വരുമ്പോൾ ദുരന്തം ഇരട്ടിയാകും. ആയിരക്കണക്കിന് വാഹനങ്ങളാണ് റെയിൽവ് ഗേറ്റ് വഴി ദിവസവും കടന്ന് പോകുന്നത്. ഗേറ്റടവ് കാരണം യഥാസമയം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ മരിച്ചവരും ഇവിടെ നിരവധിയാണ്. തുടർന്നാണ് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിന്റെ വിശദമായ രൂപരേഖയടക്കം തയ്യാറാക്കി അധികൃതരെ സമീപിച്ചത്.
റെയിൽവെ മേൽപ്പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണം. നിർമ്മാണം ആരംഭിക്കാൻ ഓരോ ദിവസം വൈകുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ട് വർദ്ധിക്കുകയാണ്.
എ.നസീർഖാൻ, പ്രസിഡന്റ്, മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ